എരുമേലി ക്ഷേത്രത്തില്‍ വഴിപാട് സാധനങ്ങളുടെ വില്‍പ്പനയ്ക്കുള്ള ലേലങ്ങള്‍ പരാജയത്തില്‍

എരുമേലി: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള എരുമേലി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ വഴിപാട് സാധനങ്ങള്‍ വില്‍ക്കുന്നതിന്റെ ഒരു വര്‍ഷത്തേക്കുള്ള കുത്തക അവകാശം സംബന്ധിച്ച്‌ നടത്തിയ ലേലങ്ങള്‍ പരാജയത്തിലായി. കഴിഞ്ഞവര്‍ഷം ഏഴര ലക്ഷം രൂപയാണ് ഈയിനത്തില്‍ ദേവസ്വംബോര്‍ഡിന് ലഭിച്ചത്. ഇത്തവണ ഈ തുകയ്ക്കു പോലും ലേലം പിടിക്കാനാളില്ലാത്തതിനാല്‍ ലേലങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു.

ഇതോടെ വഴിപാട് സാധനങ്ങളുടെ വില്‍പ്പന സ്റ്റാള്‍ ദേവസ്വംബോര്‍ഡ് നേരിട്ട് ഏറ്റെടുത്ത് നടത്തിവരികയാണ്. പൂജകള്‍ക്കും വഴിപാട് സമര്‍പ്പണത്തിനുമുള്ള എണ്ണ, നെയ്യ്, കര്‍പ്പൂരം, മഞ്ഞപ്പൊടി ഉള്‍പ്പെടെയുള്ളവയാണ് വഴിപാട് സാധനങ്ങള്‍.

എല്ലാ വര്‍ഷവും വിഷു ഉത്സവത്തിനുശേഷമാണ് ഈ സ്റ്റാള്‍ ഉള്‍പ്പെടെയുള്ളവയുടെ ലേലം നടത്താറുള്ളത്. എന്നാല്‍, ഇത്തവണ മറ്റ് ലേലങ്ങള്‍ നടത്താന്‍ കഴിഞ്ഞെങ്കിലും വഴിപാട് കൌണ്ടര്‍ സ്റ്റാള്‍ മാത്രം ലേലത്തില്‍ പോയില്ല. മുന്‍ വര്‍ഷത്തെ ലേലത്തുകയ്ക്കൊപ്പം ഈ തുകയുടെ പത്തുശതമാനം തുകകൂടി വര്‍ധിപ്പിച്ചാണ് തുടര്‍ന്നുള്ള വര്‍ഷം ലേലത്തുകയായി നിശ്ചയിക്കാറുള്ളത്. ഈ നിരക്കില്‍ ലേലം വിളിക്കാനാളില്ലെങ്കില്‍ ലേലം റദ്ദാവുകയാണ്.

ഇത്തവണ ലേലത്തില്‍ വിളിച്ച പരമാവധി തുക ആറു ലക്ഷം രൂപ വരെയാണ്. എട്ടു ലക്ഷം രൂപയെങ്കിലും ലഭിക്കാതെ ലേലം ഉറപ്പിക്കാനാവില്ലെന്ന് ദേവസ്വംബോര്‍ഡ് പറയുന്നു. ഗുജറാത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായ ദേവസ്വം കമ്മീഷണര്‍ എത്തി തീരുമാനമാകുന്നതുവരെ സ്റ്റാള്‍ നേരിട്ട് നടത്താനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.