എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ ഫണ്ട് വിഭജനത്തില്‍ അപാകമെന്നാക്ഷേപം

എരുമേലി: സ്‌പെഷല്‍ ഗ്രേഡ് തസ്തികയില്‍പ്പെട്ട എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ 2014-2015 വാര്‍ഷിക പദ്ധതിയിലേക്കായി ഓരോ വാര്‍ഡിനുമുള്ള ഫണ്ട് വിഭജനത്തില്‍ അപാകമെന്നാക്ഷേപം. ഓരോ വാര്‍ഡുകളുടെയും പ്രാധാന്യം കണക്കിലെടുക്കാതെയാണ് ഫണ്ട് വിഭജനം നടത്തിയതെന്നും കമ്മിറ്റി കൂടുകയോ തീരുമാനങ്ങളെടുക്കാതെയും ഓരോ വാര്‍ഡിനുമുള്ള ഫണ്ട് വിവരം തുണ്ടുപേപ്പറില്‍ കുറിച്ചുനല്കുകയായിരുന്നുവെന്നും ആരോപിച്ച് പഞ്ചായത്തിലെ എല്‍.ഡി.എഫ്. ജനപ്രതിനിധികള്‍ രംഗത്തെത്തി.

പല വാര്‍ഡുകളിലും പശ്ചാത്തലമേഖലയില്‍ ജനറല്‍ വിഭാഗത്തിന് പ്രാധാന്യം കൊടുത്തില്ലായെന്നും ആരോപണമുണ്ട്. എസ്.സി, എസ്.റ്റി വിഭാഗങ്ങളില്ലാത്ത വാര്‍ഡുകളില്‍ ഫണ്ടിടുകയും ജനറല്‍ വിഭാഗത്തിന് പ്രാധാന്യം കൊടുക്കാത്തതും ഭരണസമിതിയുടെ വീഴ്ചയാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. തുണ്ടുപേപ്പറില്‍ കുറിച്ച് നല്കിയ പദ്ധതിവിഹിതത്തെ അടിസ്ഥാനമാക്കി എസ്റ്റിമേറ്റ് തയ്യാറാക്കേണ്ട ഗതികേടിലാണ് പല പഞ്ചായത്തംഗങ്ങളും.