എരുമേലി ടൗണിന് ചുറ്റും റിംഗ് റോഡ് പദ്ധതി; കളക്ടര്‍ സന്ദര്‍ശിച്ചു

എരുമേലി: എരുമേലി ടൗണ്‍ ശബരിമല സീസണില്‍ വാഹനവിമുക്തമാക്കി പേട്ടതുള്ളലിന് സൗകര്യമേര്‍പ്പെടുത്തുന്നതിന് തയാറാക്കുന്ന റിംഗ് റോഡ് പദ്ധതിയുടെ സാദ്ധ്യതാ പഠനം കളക്ടര്‍ സന്ദര്‍ശിച്ച് വിലയിരുത്തി. കഴിഞ്ഞ ദിവസം തീര്‍ഥാടന അവലോകന യോഗത്തിന് എത്തിയപ്പോഴാണ് പഠനസംഘവുമായി കളക്ടര്‍ യു.വി. ജോസ് റോഡിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്. അടുത്ത തീര്‍ഥാടനകാലത്തിന് മുമ്പ് പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി വിജയകരമാണെന്ന് ഉറപ്പായെങ്കില്‍ മാത്രമേ നടപ്പിലാക്കൂവെന്ന് അദ്ദേഹം പറഞ്ഞു. പ്രാഥമിക പഠനത്തില്‍ പദ്ധതി വിജയമാകുമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിലെ വിദഗ്ധരായ ആര്‍ക്കിടെക്റ്റുമാരാണ് സാധ്യതാ പഠനം നടത്തുന്നത്.

ടൗണിന് ചുറ്റും നിലവിലുള്ള റിംഗ് റോഡുകള്‍ കൂട്ടിയോജിപ്പിച്ച് പുതിയ റോഡ് നിര്‍മിച്ചാല്‍ സീസണില്‍ ഗതാഗതം സുഗമമാക്കാന്‍ കഴിയുമെന്നുള്ളതാണ് പദ്ധതിയുടെ സവിശേഷത.