എരുമേലി തെക്ക് ജലവിതരണ പദ്ധതിയുടെ ട്രയൽ റണ്ണിനിടെ വെള്ളപ്പാച്ചിൽ

എരുമേലി∙ 53 കോടിരൂപ ചെലവിൽ നിർമാണം നടക്കുന്ന എരുമേലി തെക്ക് ജലവിതരണ പദ്ധതിയുടെ ട്രയൽ റണ്ണിനിടെ ഉണ്ടായ അതിമർദത്തെ തുടർന്നു ജോയിന്റ് അടർന്നു മാറി വെള്ളം ചീറ്റിത്തെറിച്ചു. എരുമേലി പേട്ടക്കവല ഗതാഗത തടസ്സമുണ്ടാകുന്ന രീതിയിൽ 25 അടിയിലേറെ ഉയരത്തിൽ വെള്ളം ചീറ്റിയതിനെ തുടർന്ന് അധികൃതർ വാൽവ് പൂട്ടി. മണ്ഡലകാലത്തിനു മുന്നോടിയായി എരുമേലി പട്ടണത്തിൽ വെള്ളം എത്തിക്കുന്നതിന്റെ ഭാഗമായാണു ട്രയൽ റൺ നടത്തിയത്.

ഇതോടെയാണ് 200 എംഎം വ്യാസമുള്ള പൈപ്പുകളുടെ ജോയിന്റ് വിട്ടുപോയത്. ട്രയൽ റണ്ണിനിടെ പലഭാഗത്തും ചെറിയതോതിൽ ചോർച്ച ഉണ്ടായിരുന്നു. പൂർണതോതിൽ പമ്പിങ് നടത്തുമ്പോൾ തടസ്സം ഉണ്ടാകുമെന്നും ഇവ വൈകാതെ പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു. 3 വർഷം മുൻപാണ് എരുമേലി തെക്ക് ജലവിതരണപദ്ധതി നിർമാണം ആരംഭിച്ചത്.

ചാത്തൻതറ പെരുന്തേനരുവിയിലെ ഇടത്തിക്കാവ് കയത്തിൽ നിന്നാണു വെള്ളം എരുമേലിയിൽ എത്തിക്കുന്നത്. എരുമേലി തെക്ക് വില്ലേജ് പൂർണമായും വെള്ളം എത്തിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് എരുമേലി പട്ടണത്തിൽ വിതരണം നടത്താൻ പോകുന്നത്. മിക്ക മേഖലകളിലേക്കും പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും 9 ടാങ്കുകൾ കൂടി നിർമിക്കേണ്ടതുണ്ട്.