എരുമേലി തെക്ക് ജലവിതരണ പദ്ധതി: മൂന്നാം ഘട്ട പൈപ്പ് ലൈൻ ജോലിക്കു തുടക്കം

എരുമേലി∙ 60 കോടി ചെലവു വരുന്ന എരുമേലി തെക്ക് ജലവിതരണ പദ്ധതിയുടെ മൂന്നാം ഘട്ട പൈപ്പ് ലൈൻ സ്ഥാപിക്കൽ ജോലികൾ ആരംഭിച്ചു. മണ്ഡലകാലത്തിനകം എരുമേലി പട്ടണത്തിന്റെ 5കിലോമീറ്റർ ചുറ്റളവിൽ ജലവിതരണം നടക്കും. തുടർന്ന് 68 കിലോമീറ്റർ ചുറ്റളവിലും വെള്ളമെത്തിക്കും. കിഴക്കൻ മേഖലയിലേക്കുള്ള ജലവിതരണ പദ്ധതിക്ക് ഭരണാനുമതിയായില്ല. എരുമേലി, കൊല്ലമുള വില്ലേജുകളിലെ 280 കിലോമീറ്റർ ചുറ്റളവിൽ വെള്ളമെത്തിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണ് എരുമേലി പട്ടണത്തിൽ സീസൺ മുൻപായി ജലവിതരണം സാധ്യമാക്കുക.

എരുമേലി പട്ടണത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർണമായി. രണ്ടാം ഘട്ടമായി കരിങ്കല്ലുമ്മൂഴി ടാങ്കിൽ നിന്ന് 58 കിലോമീറ്റർ ചുറ്റളവിൽ വെള്ളമെത്തും. 13 ലക്ഷം ലീറ്ററാണ് സംഭരണ ശേഷി. മൂന്നാം ഘട്ടമായി ഒരു ലക്ഷം ലീറ്റർ ശേഷിയുള്ള കൊടിത്തോട്ടം ടാങ്കിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വെള്ളമെത്തും.

പദ്ധതിയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ച വകയിൽ പൊതുമരാമത്ത് വിഭാഗത്തിന് തുക കൊടുക്കേണ്ടി വന്നതും നിർദിഷ്ട സമയത്തിനകം പദ്ധതി പൂർത്തിയാക്കാൻ കഴിയാതിരുന്നതും അധിക ചെലവിന് ഇടയാക്കി. ഇതു മൂലമാണ് വീണ്ടും എസ്റ്റിമേറ്റ് പുതുക്കി സർക്കാരിലേക്ക് ഭരണാനുമതിക്കായി സമർപ്പിക്കേണ്ടി വന്നതും കിഴക്കൻ മേഖലയ്ക്കുള്ള ജല വിതരണം വൈകിപ്പിച്ചതും.