എരുമേലി ദേവസ്വം മരാമത്ത് ഓഫിസ് മുണ്ടക്കയത്തേക്കു മാറ്റുന്നെന്ന് ആരോപിച്ചു ഹിന്ദു ഐക്യവേദി പ്രവർത്തകർ ഓഫിസിനു മുൻപിൽ കൊടിനാട്ടി

എരുമേലി ∙ ദേവസ്വം മരാമത്ത് ഓഫിസ് മുണ്ടക്കയത്തേക്കു മാറ്റുന്നെന്ന് ആരോപിച്ചു ഹിന്ദു ഐക്യവേദി പ്രവർത്തകർ ഓഫിസിനു മുൻപിൽ കൊടിനാട്ടി. ഇന്നലെ രാവിലെയായിരുന്നു സംഭവം.

ഒട്ടേറെ മരാമത്ത് ജോലികൾ നടക്കുന്ന എരുമേലിയിൽനിന്ന് ഓഫിസ് മാറ്റുന്നതിൽ ദുരൂഹതയുണ്ടെന്നു പ്രവർത്തകർ ആരോപിച്ചു. എരുമേലി വലിയമ്പലത്തിനോടു ചേർന്നാണ് ദേവസ്വം വക പൊതുമരാമത്ത് വിഭാഗം അസി. എൻജിനീയറുടെ ഓഫിസ് വർഷങ്ങളായി പ്രവർത്തിക്കുന്നത്.

ക്ഷേത്ര അനുബന്ധ ജോലികൾക്കു പുറമെ സീസണിലെ പാർക്കിങ് മൈതാന നവീകരണം, ശുചിമുറികൾ, കുളിക്കടവ്, പടവുകൾ, റോഡുകൾ എന്നിവയുടേതടക്കം ഓരോ വർഷവും ലക്ഷക്കണക്കിനു രൂപയുടെ പണികളാണ് എരുമേലിയിൽ നടക്കുന്നത്. ഓഫിസ് മാറ്റുന്നെന്ന വിവരം കിട്ടിയതോടെ എത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകർ പ്രതിഷേധ സൂചകമായി കൊടി നാട്ടുകയായിരുന്നു. ഓഫിസ് മാറ്റരുതെന്ന് ആവശ്യപ്പെട്ടു ദേവസ്വം ബോർഡിന് ഐക്യവേദി പരാതി നൽകിയിരുന്നു.