എരുമേലി പഞ്ചായത്തിൽ ചിക്കന്‍പോക്‌സ് പടരുന്നു

വെച്ചൂച്ചിറ: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ചിക്കന്‍പോക്‌സ് പടര്‍ന്നു പിടിക്കുന്നു. വേനല്‍ക്കാലമായതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. പഞ്ചായത്തിലെ കൂത്താട്ടുകുളം, ചെമ്പനോലി പ്രദേശങ്ങളിലാണ് ഒരു മാസത്തോളമായി ചിക്കന്‍പോക്‌സ് കണ്ടുവരുന്നത്. പതിനഞ്ചോളം പേര്‍ക്ക് ഇതേവരെ രോഗബാധയുണ്ടായതായി കണെ്ടത്തിയിട്ടുണ്ട്. കൂത്താട്ടുകുളത്ത് താമസിക്കുന്ന ഇതര സംസ്ഥാനതൊഴിലാളികളിലാണ് ആദ്യം രോഗം കണ്ടത്. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ക്കും രോഗം പിടിപെട്ടത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

നാട്ടുകാര്‍ ആരോഗ്യവകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും വിവരം അറിയിച്ചിരുന്നു. പരീക്ഷാക്കാലമായതിനാല്‍ കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും എന്നാല്‍ രോഗത്തെ ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. എരുമേലി, അത്തിക്കയം തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ഇതിനുള്ള പ്രതിരോധ മരുന്നുകള്‍ ലഭ്യമാണ്. രോഗം തനിയെ വരില്ലെന്നും പുറം നാടുകളിലേക്ക് പോയി തിരിയെത്തുന്നവര്‍ വഴിയാകാം നാട്ടില്‍ രോഗബാധയുണ്ടാകാന്‍ കാരണമെന്നും നാറാണംമൂഴി സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.