എരുമേലി പേട്ടതുളളല്‍ ഇന്ന്

എരുമേലി: ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ , ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുളളല്‍ ഇന്ന് നടത്തും. മഹിഷി നിഗ്രഹത്തിന്റെ ചരിത്ര കഥപറയുന്ന എരുമേലിയില്‍ ശരണ മന്ത്രധ്വനികള്‍ ഉയരുന്ന ഇരുസംഘങ്ങളുടെയും പേട്ടതുള്ളൽ എരുമേലിയെ ഭക്തി സാന്ദ്രമാക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദേവചൈതന്യമായി ശ്രീകൃഷ്ണപരുന്ത് മാനത്ത് വട്ടമിട്ട് പറക്കുന്നതോടെ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുളളല്‍ ആരംഭിക്കും. കൊച്ചമ്പലത്തിൽ നിന്നും പേട്ടതുള്ളിയെത്തുന്ന അമ്പലപ്പുഴ സംഘത്തെ നൈനാർ പള്ളിയിൽ ഭാരവാഹികൾ സ്വീകരിക്കും. പേട്ടതുളളല്‍ സംഘത്തോടൊപ്പം വാവരുടെ പ്രതിനിധിയും യാത്രയാകും. വിവിധ വർണങ്ങളിലുളള ഛായങ്ങള്‍ ദേഹമാസഹലം വാരിപൂശി, പാണല്‍ ഇലകള്‍ കൊണ്ട് താളം പിടിച്ചും വാദ്യമേളങ്ങളുടെ താളക്കൊഴുപ്പില്‍ ആനന്ദനൃത്തം വെച്ചും അമ്പലപ്പുഴ സംഘം പേട്ടതുള്ളും. അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരാണ്.

ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളൽ.
അയ്യപ്പന്റെ പിതൃസ്ഥാനീയരായ ആലങ്ങാട് സംഘം ആകാശത്ത് വെള്ളി നക്ഷത്രത്തെ ദർശിച്ച ശേഷമാണ് പേട്ടതുള്ളി ഇറങ്ങുന്നത്. ആലങ്ങാട് സംഘം ഗുരുസ്വാമി എ. കെ. വിജയകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പേട്ടതുള്ളുന്നത്. ആലങ്ങാട്ട് യോഗത്തിലെ ഇരുകരക്കാരുമായുള്ള തർക്കത്തെ തുടർന്ന് ഇരുവിഭാഗത്തിനും പേട്ടതുള്ളുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. നാടിനെ ശരണ മന്ത്രങ്ങളാല്‍ മുഖരിതമാക്കുന്ന ഇരുപേട്ടതുളളല്‍ സംഘങ്ങളേയും വിവിധ സ്ഥലങ്ങളില്‍ സ്വീകരിക്കും. ഗജവീരന്മാരും, പാണ്ടിമേളവും, ശിങ്കാരി മേളം, മയിലാട്ടം തുടങ്ങിയവ പേട്ടതുള്ളലിൽ മാറ്റേകും.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാർ‍, അസി.കമ്മീഷണർ മുരാരി ബാബു, എ. ഒ. ജി. ബൈജു തുടങ്ങിയവർ സ്വീകരിക്കും. പേട്ടതുള്ളുന്ന സംഘങ്ങള്‍ക്ക് സേവാഭാരതിയും പോലീസും സംയുക്തമായി സംരക്ഷണം ഒരുക്കും. ശബരമില അയ്യപ്പ സേവാസമാജം, അഖില ഭാരത അയ്യപ്പ സേവാസംഘം, ഗ്രാമ പഞ്ചായത്ത്, കെ എസ് ആര്‍ ടി സി , പോലീസ്, പുത്തന്‍വീട്.എന്‍ എസ് എസ് എരുമേലികരയോഗം, കേരള വെളളാള മഹാസഭ തുടങ്ങിയ സംഘടനകള്‍ സ്വീകരണം നൽകും.