എരുമേലി പേട്ടതുള്ളല്‍ ജനുവരി 11 ന്

എരുമേലി: ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ജനുവരി 11 ന് നടത്തും. പേട്ടതുള്ളലിന് മുന്നോടിയായി ഇരു സംഘങ്ങളും ഇന്ന് എരുമേലിയില്‍ എത്തിച്ചേരും. അയ്യപ്പന്റെ അവതാര ലക്ഷ്യം പൂര്‍ത്തികരിച്ചതിന്റെ സ്മരണയ്ക്കായാണ് പേട്ടതുള്ളല്‍ നടക്കുന്നത്.

നാളെ രാവിലെ പതിനൊന്നരയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദേവചൈതന്യമായ ശ്രീകൃഷ്ണ പരുന്ത് മാനത്ത് വട്ടമിട്ട് പറക്കുന്നതോടെ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘം കൊച്ചമ്പലത്തില്‍ നിന്നും പേട്ടതുള്ളിയിറങ്ങും. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സംഘത്തെ അനുഗമിക്കും. കൊച്ചമ്പലത്തില്‍ നിന്നും പേട്ടതുള്ളിയെത്തുന്ന അമ്പലപ്പുഴ സംഘത്തെ നൈനാര്‍ പള്ളിയില്‍ ജമാഅത്ത് ഭാരവാഹികള്‍ സ്വീകരിക്കും. പേട്ടതുള്ളല്‍ സംഘത്തോടൊപ്പം അയ്യപ്പന്റെ സുഹൃത്തെന്ന സങ്കല്‍പ്പത്തില്‍ വാവരുടെ പ്രാതിനിധ്യം യാത്രയാകും.

വിവിധ വര്‍ണങ്ങളിലുള്ള ചായങ്ങള്‍ ദേഹമാസകലം വാരിപൂശി പാണല്‍ ഇലകള്‍ കൊണ്ട് താളം പിടിച്ച് വാദ്യമേളങ്ങളുടെ താളകൊഴുപ്പില്‍ ആനന്ദചവിട്ടി സംഘം പേട്ടതുള്ളി നീങ്ങും. വലിയമ്പലത്തിലെത്തുന്ന സംഘത്തെ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സ്വീകരിക്കും.

ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിക്കും. അയ്യപ്പന്റെ പിതൃസ്ഥാനീയരായ ആലങ്ങാട്ട് സംഘം ആകാശത്ത് വെള്ളിനക്ഷത്രത്തെ ദര്‍ശിച്ച ശേഷമാണ് പേട്ടതുള്ളിയിറങ്ങുന്നത്. ആലങ്ങാട്ട് സംഘം ഗുരുസ്വാമി എം. കെ. വിജയകുമാര്‍ അമ്പാടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പേട്ടതുള്ളുന്നത്. ആലങ്ങാട് യോഗത്തിലെ ഇരുകരക്കാരുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ക്കും പേട്ടതുള്ളുന്നതിനുള്ള നിയന്ത്രണവും ക്രമീകരണവും പോലീസും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ഇത്തവണ പേട്ടതുള്ളുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.