എരുമേലി–പ്ലാച്ചേരി ശബരിമല പാത ഗാരന്റി കാലാവധിക്കകം തകർന്നു..

എരുമേലി ∙ 10 കോടി ചെലവിട്ട് നിർമിച്ച എരുമേലി–പ്ലാച്ചേരി ശബരിമല പാത ഗാരന്റി കാലാവധിക്കകം തകർന്നപ്പോൾ തകർ‍ന്ന് നടത്തിയ അറ്റകുറ്റപ്പണി തട്ടിക്കൂട്ടായി. റോഡിൽ അറ്റകുറ്റപ്പണി നാലു വർഷത്തിനിടെ മൂന്നാം തവണ! നിർമാണകാലത്തു തന്നെ ക്രമക്കേട് ആരോപണം നടന്ന പാതയുടെ ഇപ്പോഴത്തെ അവസ്ഥ അന്നത്തെ പരാതി ശരിവയ്ക്കുന്ന തരത്തിലായി. ബിഎംബിസി നിലവാരത്തിൽ അഞ്ചു വർഷത്തെ ഗാരന്റിയോടെയാണു പാത നിർമിച്ചത്.

ഈ കാലയളവിൽ പാതയ്ക്കു തകരാറു സംഭവിച്ചാൽ കരാറുകാരൻ സ്വന്തം ചെലവിൽ അറ്റകുറ്റപ്പണി നടത്തണം. ഈ വ്യസ്ഥപ്രകാരമാണു കഴിഞ്ഞയാഴ്ച അറ്റകുറ്റപ്പണി നടത്തിയത്. എരുമേലി മുതൽ പ്ലാച്ചേരി വരെ എട്ട് കിലോമീറ്റർ പാതയുടെ നിർമാണം നാലു വർഷം മുൻപാണ് പൂർത്തിയാക്കിയത്. കൺസ്ട്രക്‌ഷൻ കോർപറേഷൻ ഉപകരാർ നൽകിയായിരുന്നു നിർമാണം. നിർമാണം നടന്ന് ഒരുവർഷം കഴിഞ്ഞതോടെ പാതയിൽ അവിടവിടെ കുഴി രൂപപ്പെട്ടു.

ഇതു ചൂണ്ടിക്കാട്ടി അക്കാലത്ത് പൊതുപ്രവർത്തകൻ പരാതി നൽകിയിരുന്നു. റോഡ് പണി സംബന്ധിച്ച് അന്വേഷണം നടത്താൻ അക്കാലത്തു വിജിലൻസ് ഡയറക്ടറോട് മന്ത്രി നിർദേശിച്ചു. പിന്നീടും റോഡിൽ രണ്ടുതവണ അറ്റകുറ്റപ്പണി നടത്തി. അടുത്തിടെ മഴ പെയ്ത് റോഡ് വീണ്ടും പൊളിഞ്ഞു. കാലവർഷം രണ്ടോ മൂന്നോ ദിവസം പെയ്തപ്പോൾത്തന്നെ റോഡ് പൊളിഞ്ഞത് നിർമാണത്തിലെ അപാകത മൂലമാണെന്ന് ആരോപണമുണ്ട്.

ഇതേ കാലയളവിലോ അതിനും മുൻപോ നിർമിച്ച മറ്റ് റോഡുകൾ: എരുമേലി–കാഞ്ഞിരപ്പള്ളി, എരുമേലി–പ്രപ്പോസ്–എംഇഎസ്, എരുമേലി–മുണ്ടക്കയം, എരുമേലി–മുക്കൂട്ടുതറ–കണമല, മുക്കൂട്ടുതറ–ഇടകടത്തി–കണമല. ബിഎംബിസി വ്യവസ്ഥയിൽ നിർമിച്ച ഈ പാതകളെല്ലാം ഇപ്പോഴും ഉന്നത നിലവാരത്തിൽ.