എരുമേലി വിമാനത്താവളം: ധന– നിയമ വകുപ്പുകളുടെ അഭിപ്രായം തേടാൻ സർക്കാർ

എരുമേലി വിമാനത്താവളം സാധ്യതാ പഠന റിപ്പോർട്ടിനെപ്പറ്റി ധന– നിയമ വകുപ്പുകളുടെ അഭിപ്രായം സർക്കാർ തേടുന്നു. വിമാനത്താവള നിർമാണത്തിന്റെ കൺസൽറ്റന്റായ ലൂയി ബ്ഗർ എന്ന സ്ഥാപനം തയാറാക്കിയതാണ് പഠന റിപ്പോർട്ട്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്കാണു നൽകിയത്.

തുടർന്ന് ധന–നിയമ വകുപ്പുകളുടെ അഭിപ്രായം അറിഞ്ഞ ശേഷം തുടർ നടപടി മതിയെന്നു സർക്കാർ തീരുമാനിച്ചു. വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത് എരുമേലിക്കു സമീപം ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കർ റബർ തോട്ടമാണ്. ഇപ്പോൾ ഇത് ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലാണ്. ഈ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസ് നിലനിൽക്കുന്നതിനാലാണു സർക്കാർ നിയമ വകുപ്പിന്റെ അഭിപ്രായം തേടുന്നത്. പാട്ടവ്യവസ്ഥ ബാധകമായ തോട്ടങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച കേസുമുണ്ട്.

ലൂയി ബ്ഗർ തയ്യാറാക്കിയ സാങ്കേതിക–പ്രായോഗികതാ റിപ്പോർട്ട് വിമാനത്താവള നിർമാണത്തിന് അനുകൂലമാണ്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾക്കും ശബരിമലയിലെ തീർഥാടകർക്കും പ്രയോജനപ്പെടുന്ന വിമാനത്താവളം ലാഭകരമായി നടത്താമെന്നാണു കൺസൽറ്റൻസിയുടെ കണ്ടെത്തൽ. അതേസമയം കുന്നുകളും താഴ്‌വാരങ്ങളും ചേർന്ന പ്രദേശമായതിനാൽ നിർമാണച്ചെലവ് കൂടുമെന്നു പഠന റിപ്പോർട്ടിലുണ്ട്. ചിലവു സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനാണു ധന വകുപ്പിന്റെ അഭിപ്രായം തേടുന്നത്