എരുമേലി വിമാനത്താവളത്തിനു ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമെന്നു പ്രാഥമിക റിപ്പോർട്ട്

എരുമേലി ∙ വിമാനത്താവളത്തിനു ചെറുവള്ളി എസ്റ്റേറ്റ് അനുയോജ്യമെന്നു പ്രാഥമിക റിപ്പോർട്ട്. സ്വകാര്യ കൺസൽറ്റിങ് സ്ഥാപനമായ ലൂയി ബഗർ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് അടുത്തു തന്നെ സർക്കാരിനു സമർപ്പിക്കും. വിമാനത്താവളം ലാഭകരമായി നടത്തുന്നതിന് ആവശ്യമായ യാത്രക്കാരെ ലഭിക്കുമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

അതേ സമയം ഭൂപ്രകൃതിയുടെ പ്രത്യേകത വിമാനത്താവള നിർമാണം അൽപം ദുഷ്കരമാക്കും. ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ലഭ്യതയാണ് നിർണായകം. 2300 ഏക്കർ ഭൂമിയും ഏറ്റെടുത്താൽ വാണിജ്യ സമുച്ചയം അടക്കമുള്ള വിശാലമായ വിമാനത്താവളം നിർമിക്കാം. അതേ സമയം 500 ഏക്കർ മാത്രമാണെങ്കിൽ ചെറു വിമാനത്താവളമേ സാധിക്കൂവെന്നു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ. എം. ബീന പറഞ്ഞു.

ഭൂമിയുടെ ഉടമസ്ഥതയും ലഭ്യതയും അറിഞ്ഞാൽ രാജ്യാന്തര വിമാനത്താവളമോ ശബരിമല തീർഥാടകരെ ലക്ഷ്യമിട്ടുള്ള ചെറിയ എയർസ്ട്രിപ്പോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. എയർപോർട്ട് സംബന്ധിച്ച് ഏവിയേഷൻ സെക്രട്ടറി, കെഎസ്ഐഡിസി എംഡി തുടങ്ങിയവർ തയാറാക്കിയ കരട് റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിൽ സമർപ്പിക്കും.

ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണോ അതോ സ്വകാര്യ തോട്ടമാണോ എന്നതാണു തർക്കം. പാട്ടക്കാലാവധി കഴിഞ്ഞാൽ സർക്കാരിലേക്കു ഭൂമി തിരികെ എത്തുമെന്നാണ് സർക്കാരിന്റെ നിലപാട്. തോട്ടത്തിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ പോയിരിക്കുകയാണ്.

ചെറുവള്ളി എസ്റ്റേറ്റ്

2263 ഏക്കറിലുള്ള ചെറുവള്ളി എസ്റ്റേറ്റ് എരുമേലി, മണിമല വില്ലേജുകളിലാണ് വ്യാപിച്ചു കിടക്കുന്നത്. റബർ ആണ് പ്രധാന കൃഷി. കോട്ടയത്തു നിന്ന് എരുമേലി, കാരിത്തോട്, മുക്കട വഴി എസ്റ്റേറ്റിലെത്താം. പത്തനംതിട്ട, ചങ്ങനാശേരി മേഖലകളിൽ നിന്നു യഥാക്രമം റാന്നി, മണിമല വഴിയും എസ്റ്റേറ്റിലേക്കു പ്രവേശിക്കാം. നിർദിഷ്ട സ്ഥലത്ത് വിമാനത്താവളം പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുന്നുമില്ല.

ആറൻമുളയ്ക്ക് പകരക്കാരൻ

ആറൻമുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് അധികം വൈകാതെയാണ് ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം എന്ന ആശയത്തിന് തുടക്കമാവുന്നത്. വിദേശ മലയാളികളുടെ ഓഹരിയിൽ വിമാനത്താവളം നിർമിക്കാനായി ഗ്ലോബൽ ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചെങ്കിലും നീക്കം പരാജയപ്പെട്ടു.

വിമാനത്താവളത്തിനായി എരുമേലി കേന്ദ്രമാക്കി അസോസിയേഷന്റെ നേതൃത്വത്തിൽ ആക്‌ഷൻ കൗൺസിൽ വരെ രൂപീകരിച്ചിരുന്നു. ഇതിനു ശേഷമാണ് സാധ്യതാ പഠനത്തിനായി ലൂയി ബഗർ കമ്പനിയെ സർക്കാർ ചുമതലപ്പെടുത്തിയത്. അടുത്തയിടെ കമ്പനി പ്രതിനിധികൾ എസ്റ്റേറ്റ് സന്ദർശിച്ചു.

തീർഥാടകർ പറന്നിറങ്ങും

ഗൾഫ്, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലുള്ള പ്രവാസികളായ മധ്യതിരുവിതാംകൂറുകാർക്കാണ് ഏറ്റവുമധികം പ്രയോജനം ലഭിക്കുക. മധ്യതിരുവിതാംകൂർ മേഖലയിൽ നിന്നും കോട്ടയത്തു നിന്നും ശരാശരി 50 കിലോമീറ്ററിൽ താഴെ മാത്രം സഞ്ചരിച്ചാൽ സ്ഥലത്ത് എത്താം. ഇവിടെ നിന്ന് 50 കിലോമീറ്ററാണ് ശബരിമലയ്ക്കുള്ള ദൂരം.

മധുര അടക്കമുള്ള തമിഴ്നാട് ജില്ലകൾക്കും ഏറെ പ്രയോജനം ചെയ്യും. എന്നാൽ ശബരിമല തീർഥാടകരെ മാത്രം ലക്ഷ്യമിട്ടുള്ള ചെറിയ എയർസ്ട്രിപ് മാത്രമാണെങ്കിൽ നാട്ടുകാർക്ക് വേണ്ടത്ര പ്രയോജനം ലഭിക്കില്ലെന്ന് ആശങ്കയുണ്ട്. തീർഥാടകരെ മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കിൽ പ്രവർത്തനം മണ്ഡല മകരവിളക്ക് സീസണിലേക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടിയും വരും.

ചെറുതോ വലുതോ?

സംസ്ഥാനത്ത് അഞ്ചാമതൊരു രാജ്യാന്തര വിമാനത്താവളം വേണമോ അതോ ശബരിമല തീർഥാടകരെ ലക്ഷ്യമിട്ടുള്ള ചെറിയ എയർസ്ട്രിപ് മാത്രം മതിയോ എന്ന കാര്യത്തിൽ വ്യോമയാന വകുപ്പിൽത്തന്നെയുള്ള അഭിപ്രായ വ്യത്യാസമാണ് സർക്കാരിന്റെ അന്തിമ തീരുമാനത്തിന് വിധേയമാകാൻ പോകുന്നത്.

സംസ്ഥാന സർക്കാരിന്റെ തീരുമാനമാണ് നടപ്പാകുക. രാജ്യത്ത് തന്നെ നിർദിഷ്ട കണ്ണൂർ ഉൾപ്പെടെ നാലു വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തിലാണ് അഞ്ചാമതൊരെണ്ണം എന്ന ആശയം ചർച്ചാവിധേയമാവുന്നത്.