എരുമേലി ശുദ്ധജല വിതരണ പദ്ധതി പൈപ്പ്‌ ലൈന്‍ അറ്റകുറ്റപ്പണി നടത്താന്‍ ധാരണ


എരുമേലി: എരുമേലി ശുദ്ധ ജലവിതരണ പദ്ധതിയില്‍ ഒരാഴ്‌ചയായി മുടങ്ങി കിടന്ന അറ്റകുറ്റ പണി ഇന്ന്‌ നടത്താന്‍ ധാരണയായി.
കൊല്ലമുള കലുങ്കിന്‌ സമീപത്തെ മെയ്‌ന്‍ പൈപ്പ്‌ ലൈനിന്റെ ചോര്‍ച്ച മാറ്റുന്നതോടെ ഒരാഴ്‌ചയോളം മുടങ്ങി കിടന്ന ജലവിതരണം പുനഃസ്‌ഥാപിക്കാനാകുമെന്ന്‌ ജലവിതരണ അതോറിട്ടി ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. 
റോഡ്‌ നവീകരണത്തോടനുബന്ധിച്ച്‌ കലുങ്ക്‌ പുനര്‍നിര്‍മ്മാണത്തിനായി ജല അതോറിട്ടി സ്‌ഥാപിച്ചിരിക്കുന്ന പൈപ്പ്‌ ലൈന്‍ മാറ്റണമെന്നാവശ്യവുമായി ഡി. വൈ. എഫ്‌. ഐ. പ്രവര്‍ത്തകര്‍ അറ്റകുറ്റ പണികള്‍ തടഞ്ഞിരുന്നു. 
ഉദ്യോഗസ്‌ഥര്‍ രണ്ടു തവണ അറ്റകുറ്റ പണി നടത്താനെത്തിയിട്ടും പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ തിരിച്ചു പോയി. ഒരാഴ്‌ചയോളമായി പദ്ധതിയിലൂടെ ജലവിതരണം നിലച്ചതോടെ എരുമേലിയിലെ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. 


നാട്ടുകാര്‍ സമരപരിപാടികള്‍ ഉള്‍പ്പെടെ നടത്താനുള്ള സാഹചര്യത്തില്‍ പൈപ്പ്‌ ലൈന്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിന്‌ പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ ജലഅതോറിട്ടി അസി. എക്‌സിക്യട്ടീവ്‌ എന്‍ജിനീയര്‍ അജിത്‌ തങ്കച്ചന്‍ വെച്ചൂച്ചിറ പോലീസിനെ സമിപിച്ചിരുന്നു. 


ഇന്നലെ ജനപ്രതിനിധികളും രാഷ്‌ട്രീയ പ്രവര്‍ത്തകരും ഉദ്യോഗസ്‌ഥരുമായി പോലീസ്‌ സ്‌റ്റേഷനില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിക്കുകയായിരുന്നു. പൈപ്പ്‌ ലൈന്‍ കലുങ്കിന്റെ സമീപത്തു നിന്നും മാറ്റി സ്‌ഥാപിക്കുന്നതിനുള്ള എസ്‌റ്റിമേറ്റ്‌ തയാറാക്കുമെന്ന്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. ഇന്ന്‌ വൈകുന്നേരത്തോടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി ജലവിതണം ആരംഭിക്കാനാകുമെന്ന്‌ അധികൃതര്‍ പറഞ്ഞു.