എരുമേലി സമഗ്ര കുടിവെള്ള പദ്ധതിക്ക് പുതിയ പൈപ്പുകളെത്തി; ക്വാളിറ്റി ടെസ്റ്റ് ഉടന്‍

എരുമേലി: സമഗ്ര കുടിവെള്ള പദ്ധതിക്കു വേണ്ടി 80 എംഎം മുതല്‍ 1200 എംഎം വ്യാസമുള്ള ജലവിതരണ പൈപ്പുകള്‍ ഇറക്കിയതില്‍ ഗുണനിലവാരമില്ലെന്നു കണ്ട 250 എംഎം പൈപ്പുകള്‍ക്കു പകരം പുതിയ പൈപ്പുകളെത്തി. അഞ്ച് ദിവസം മുമ്ബ് കല്‍ക്കട്ടയിലെ ജയ്ബാലാജി കമ്ബനിയില്‍ നിന്നു റോഡു മാര്‍ഗം അയച്ച പൈപ്പുകള്‍ കഴിഞ്ഞ ദിവസമാണ് എരുമേലിയില്‍ എത്തിയത്. കല്‍ക്കട്ടയിലെത്തി ജല അഥോറിറ്റി കോട്ടയം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സുബ്രഹ്മണ്യം അയ്യര്‍ പൈപ്പുകളുടെ ഗുണനിലവാരം പരിശോധിച്ചിരുന്നു. ഇനി പൈപ്പുകള്‍ കുഴിച്ചിട്ടതിന് ശേഷം വീണ്ടും ഗുണനിലവാരം പരിശോധിക്കും. ഇത് വിജയിച്ചാലാണ് സ്ഥാപിക്കാന്‍ അനുമതി ലഭിക്കുക. കുഴിച്ചിട്ട പൈപ്പുകളില്‍ വെള്ളം നിറച്ച്‌ ഇരുവശങ്ങളും അടച്ചതിന് ശേഷം ഒരു സെന്റിമീറ്ററില്‍ 26 കിലോഗ്രാം എന്ന തോതില്‍ വായു സമ്മര്‍ദം കടത്തിവിട്ടാണ് ഗുണനിലവാരം പരിശോധിക്കുക. പമ്ബ് ചെയ്ത് കുഴലിലെത്തുന്ന വെള്ളത്തിന്റെ സാധാരണ മര്‍ദത്തിന് പുറമെ ഒന്നര ഇരട്ടി മര്‍ദമാണ് ഇത്. 24 മണിക്കൂറുകള്‍ക്ക് ശേഷം പൈപ്പുകള്‍ക്ക് കുഴപ്പമില്ലെങ്കില്‍ ഗുണനിലവാരം ഉറപ്പിക്കാനാകും. 53 കോടി രൂപ ചെലവിടുന്ന ജലവിതരണ പദ്ധതിയിലൂടെ എരുമേലി പഞ്ചായത്തില്‍ ഉടനീളം 262 കിലോമീറ്റര്‍ ദൂരമാണ് വെള്ളം എത്തുക. ഇതില്‍ 4.200 കിലോമീറ്റര്‍ ദൂരം 250 എംഎം പൈപ്പുകളാണ്. മുക്കൂട്ടുതറയ്ക്കടുത്ത് പള്ളിക്കുന്ന് പ്രദേശമാണ് ഇത്. നേരത്തെ ഇവിടെ 1.700 മീറ്റര്‍ ദൂരം സ്ഥാപിച്ച 250 എംഎം പൈപ്പുകള്‍ക്ക് ഗുണനിലവാരം ഇല്ലായിരുന്നു. മറ്റു പൈപ്പുകളെല്ലാം ആന്ധ്രാപ്രദേശിലെ കമ്ബനിയില്‍ നിന്നാണ് എത്തിച്ചത്. ഇവയുടെ ഗുണനിലവാരം തൃപ്തികരമാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു.