എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിന്റെ കോൺക്രീറ്റിങ് അടർന്നു വീണു

എരുമേലി∙ പഞ്ചായത്ത് വക സ്വകാര്യ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിന്റെ കോൺക്രീറ്റിങ് അടർന്നു വീണു. സംഭവം നടന്നത് രാത്രിയിലായതിനാൽ അപായം ഉണ്ടായില്ല. കോൺക്രീറ്റിങ് ഇനിയും അടർന്നു വീഴാൻ സാധ്യത.കഴിഞ്ഞ രാത്രി ബസ് സർവീസുകൾ അവസാനിച്ച ശേഷമാണു സംഭവം. സ്റ്റാൻഡിൽ യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന ഭാഗത്തേക്കാണ് കോൺക്രീറ്റിങ് അടരുകൾ പല കഷണങ്ങളായി വീണത്. പകലായിരുന്നു സംഭവമെങ്കിൽ ആളപായം സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നതായി ബസ് സ്റ്റാൻഡിലെ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിനും വ്യാപാരസമുച്ചയത്തിനും 40 വർഷം പഴക്കമുണ്ട്.

രണ്ട് മാസം മുൻപ് ബസ് കാത്തു നിന്ന സ്ത്രീകളുടെ ദേഹത്തേക്കു പ്ലാസ്റ്ററിങ് അടർന്നു വീണിരുന്നു. കോൺക്രീറ്റിങ് അടർന്നു വീഴാൻ പരുവത്തിൽ പൊളിഞ്ഞു നിൽക്കുന്നതും കാണാം.കോൺക്രീറ്റിങ്ങിനു പുറമേ തൂണുകൾ, സ്റ്റെയർ കേസ് എന്നിവയും തകർന്നിരിക്കുകയാണ്. ഒരു തൂണിനു വളവും കാണാം. സമുച്ചയത്തിന്റെ താഴത്തെ നിലയിൽ വ്യാപാര സ്ഥാപനങ്ങളാണു പ്രവർത്തിക്കുന്നത്. ഇവിടെത്തന്നെയാണു ബസ് കാത്ത് യാത്രക്കാർ നിൽക്കുന്നത്.

മുകൾനിലയിലാണു പൊതുമരാമത്ത്, വില്ലേജ് ഓഫിസുകൾ പ്രവർത്തിക്കുന്നത്. തൊട്ടടുത്തു തന്നെ പഞ്ചായത്ത് വക ലൈബ്രറിയും പ്രവർത്തിക്കുന്നു. ഇവിടേക്ക് ദിവസേന എത്തുന്ന നൂറുകണക്കിന് ആളുകളുടെ സുരക്ഷിതത്വവും പ്രശ്നമാണ്. നശിച്ചു കിടക്കുന്ന വ്യാപാരസമുച്ചയത്തിൽ ലൈബ്രറി പുസ്തകങ്ങൾ കൂട്ടി തറയിലിട്ടിരിക്കുയാണ്. പുസ്തകങ്ങളും നശിക്കുന്നു.എരുമേലി ബസ് സ്റ്റാൻഡും വ്യാപാരസമുച്ചയവും പുനരുദ്ധരിക്കാമെന്നു കേരള ഗ്രാമനഗര വികസന കോർപറേഷൻ സന്നദ്ധത അറിയിച്ചിട്ടും തുടർ നടപടികളുമായി മുൻപോട്ടു പോകാൻ പഞ്ചായത്ത് തയാറായില്ലെന്നും ആക്ഷേപമുണ്ട്.