എലിക്കുളംകാർക്ക്‌ ഇനി വേനലിനെ പേടിയില്ല ..കിണര്‍ റീചാര്‍ജിംഗ് പദ്ധതിക്ക് തുടക്കമായി

well-recharging-web

പുരപ്പുറത്ത് വീഴുന്ന മഴത്തുള്ളികളെ ശുദ്ധീകരിച്ച്‌ കിണറുകളില്‍ എത്തിക്കുന്ന റീ ചാര്‍ജിംഗ് പദ്ധതിക്ക് എലിക്കുളം പഞ്ചായത്തില്‍ തുടക്കമായി. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലു മാസങ്ങള്‍ ലോറിവെള്ളത്തെ മാത്രം ആശ്രയിച്ചിരുന്ന പഞ്ചായത്തിലെ 40 കുടുംബങ്ങളിലെ കിണറുകളില്‍ ഇക്കൊല്ലം മഴവെള്ളം എത്തും.

ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എലിക്കുളം കൃഷിഭവന്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പതിനായിരം രൂപ ചെലവുവരുന്ന കിണര്‍ റീചാര്‍ജിംഗ് സബ്സിഡിയായി പഞ്ചായത്ത് 5000 രൂപ അനുവദിക്കും. എലിക്കുളം പഞ്ചായത്തംഗങ്ങളുടെയും കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെയും ഏറെനാളത്തെ പരിശ്രമഫലമായാണ് പദ്ധതിക്ക് അംഗീകാരം നേടാന്‍ കഴിഞ്ഞത്.

വീടിന്റെ മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം പിവിസി പൈപ്പുകള്‍ വഴി ടാങ്കിലെത്തിക്കുന്നു. മിറ്റെല്‍ , മണല്‍, കരി എന്നിവ നിറച്ച്‌ ടാങ്കില്‍ പതിക്കുന്ന മഴവെള്ളം അരിച്ച്‌ മറ്റൊരു കുഴല്‍വഴി കിണറിലേക്ക് പതിച്ച്‌ ഉറവകള്‍ സംരക്ഷിക്കപ്പെടുന്നു. മണ്ണിലെ ജലാശയത്തെ നിലനിര്‍ത്തി കിണറുകള്‍ വറ്റി വരളുന്ന പ്രവണതയെ ഇതുവഴി ചെറുക്കാന്‍ കഴിയുന്നു. മഴവെള്ളത്തെ കിണറ്റിലേക്ക് ഇറക്കി ഉറവകള്‍ ശക്തിപ്പെടുത്തുന്ന ആശയത്തിന്റെ കുതിപ്പില്‍ എലിക്കുളം ഇനി കഠിന വേനലുകളെ അതിജീവിക്കും. പ്രകൃതി കനിഞ്ഞു നല്‍കുന്ന മഴവെള്ളം പാഴായിപ്പോകാതെ കുടിവെള്ളത്തിനും കൃഷിക്കുമായി ഉപയോഗിക്കാന്‍ കഴിയുന്ന കിണര്‍ റീചാര്‍ജിംഗ് പദ്ധതി വരും വര്‍ഷങ്ങളില്‍ പഞ്ചായത്തില്‍ ആകെമാനം വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് കെ.പി. കരുണാകരന്‍നായര്‍, കൃഷി ഓഫീസര്‍ കെ.എസ്. ഷീബ എന്നിവര്‍ പറഞ്ഞു.