എലിക്കുളം പഞ്ചായത്തിന് പുതിയ മന്ദിരം നിർമിക്കും

എലിക്കുളം∙ വരുന്നു എലിക്കുളം പഞ്ചായത്തിനും പുതിയ മന്ദിരം. ആറു മാസം മുൻപ് നിർമിതി കേന്ദ്രത്തെ ഏൽപ്പിച്ചു നിർമാണം തുടങ്ങാനാവാതെ പോയ എലിക്കുളം പഞ്ചായത്ത് ഓഫിസിന് ബഹുനില മന്ദിരം നിർമിക്കാൻ പഞ്ചായത്തു കമ്മിറ്റിയിൽ തീരുമാനം. പഞ്ചായത്ത് ഓഫിസ് കെട്ടിട നിർമാണം എങ്ങുമെത്താതെ കിടക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം മനോരമയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു മുൻപായി നേരത്തേ നിർമാണച്ചുമതല ഏൽപ്പിച്ചിരുന്ന ജില്ലാ നിർമിതികേന്ദ്രവുമായി നേരിട്ടു ചർച്ച നടത്താനും അവർക്ക് അഡ്വാൻസായി നൽകിയിരുന്ന ആറു ലക്ഷം രൂപ തിരിച്ചുവാങ്ങുന്നതിനും ഇന്നലെ നടന്ന കമ്മിറ്റിയിൽ തീരുമാനിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വികസന സ്ഥിരം സമിതി ചെയർമാൻ എന്നിവരടങ്ങുന്ന സംഘം ജില്ലാ കലക്ടർ ചെയർമാനായുള്ള നിർമിതി കേന്ദ്രവുമായി അടുത്ത ദിവസം ചർച്ച നടത്തും. 4000 ചതുരശ്ര അടിയിൽ ബഹുനില മന്ദിരം നിർമിതി കേന്ദ്രവുമായി നടത്തുന്ന ചർച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടാകുന്ന മുറയ്ക്ക് ബഹുനില മന്ദിരത്തിനായി പുതിയ എസ്റ്റിമേറ്റ് തയാറാക്കി വിശാലമായ രീതിയിൽ നിർമാണം നടത്താനാണ് കമ്മിറ്റി തീരുമാനമെന്നു സെക്രട്ടറി പി.ടി.ജോസഫ് പറ‍ഞ്ഞു.

4000 ചതുരശ്ര അടിയിൽ ബഹുനില മന്ദിരം നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റു പല പഞ്ചായത്തുകൾക്കും പുതിയ കെട്ടിടമായിട്ടും പൊൻകുന്നം–പാലാ റോഡിന് അഭിമുഖമായി മുൻവശം പാതി പൊളിച്ച നിലയിൽ കഴിയുകയാണ് എലിക്കുളം പഞ്ചായത്ത് ഓഫിസ് മന്ദിരം. കഴിഞ്ഞ സാമ്പത്തിക വർഷമാണ് പഞ്ചായത്ത് മന്ദിരം നവീകരിക്കാൻ ഭരണസമിതി തീരുമാനമെടുത്തത്. 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റായിരുന്നു അന്നു തയാറാക്കിയിരുന്നത്. ഇതനുസരിച്ച് നിർമിതി കേന്ദ്രത്തെയാണ് നിർമാണ ചുമതല ഏൽപ്പിച്ചത്. നിർമിതി കേന്ദ്രത്തിന്റെ നിർമാണം വേണ്ടെന്നു ഭരണസമിതി തീരുമാനമെടുത്തു.

ഇതോടെ നിർമാണം പാതിവഴിയിലാകുകയായിരുന്നു. ഇതിനിടെ നിർമിതി കേന്ദ്രം ഡിഡിപിയിൽ നിന്നു വിശദീകരണം തേടുകയും നിർമിതി കേന്ദ്രത്തെ ഒഴിവാക്കിയതിന്റെ വ്യക്തമായ കാരണവും എൻജിനീയറുടെ വിശദീകരണവും ആവശ്യപ്പെട്ടു ഡിഡിപി പഞ്ചായത്തു സെക്രട്ടറിയിൽ നിന്നു റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. നിർമിതി കേന്ദ്രവുമായി ചർച്ച നടത്തുന്നതോടെ എല്ലാ കാര്യങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്.