എലിക്കുളത്ത് എൽ.ഡി.എഫുകാർ കോൺഗ്രസുകാരന്റെ വീടിനു കല്ലെറിഞ്ഞതായി പരാതി

എലിക്കുളം ∙ ഇടതു മുന്നണി പ്രവർത്തകരുടെ ആഹ്ലാദപ്രകടനത്തിനിടെ കോൺഗ്രസ് നേതാവായ പഞ്ചായത്തംഗത്തിന്റെ വീടിനു നേരെ കല്ലെറിഞ്ഞതായി പരാതി. എലിക്കുളം പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ജയിംസ് ചാക്കോ ജീരകത്തിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തെത്തുടർന്നു ജയിംസ് ചാക്കോയും ഭാര്യയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ ഉച്ചകഴിഞ്ഞ് ഉരുളികുന്നത്തെ എൽഡിഎഫ് പ്രവർത്തകർ ജയിംസിന്റെ വീടിനു മുന്നിലൂടെ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനു നേരെ യുഡിഎഫ് പ്രവർത്തകർ കല്ലെറിഞ്ഞെന്നാണ് എൽഡിഎഫ് പ്രവർത്തകരുടെ ആരോപണം. ഇതേത്തുടർന്നു പ്രദേശത്ത് സംഘർഷം ഉടലെടുത്തിരുന്നു. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തിയാണു സംഘർഷ സാധ്യത ഒഴിവാക്കിയത്.