എലിപ്പനി തടയാം

മഴക്കാലരോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് എലിപ്പനി. ഈവര്‍ഷം ഇതുവരെ ഒരാളില്‍ മാത്രമേ രോഗബാധ കണ്ടെത്തിയിട്ടുള്ളൂ. മഴക്കാലം തുടങ്ങുന്നതോടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകും. 2006 മുതലാണ് എലിപ്പനി കേരളത്തില്‍ കൂടുതലായി റിപ്പോര്‍ട്ടുചെയ്തുതുടങ്ങിയത്. കഴിഞ്ഞ രണ്ടുവര്‍ഷം രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി. രോഗികളുടെ അശ്രദ്ധയാണ് എലിപ്പനി മരണകാരണമാകുന്നത്.

രോഗകാരണം

സെ്‌പെറോക്കിറ്റ് വിഭാഗത്തില്‍പ്പെട്ട ലെപ്‌ടോസ്‌പൈറോ അണുക്കളാണ് എലിപ്പനിക്ക് കാരണം. എലി, കാര്‍ന്നുതിന്നുന്ന മറ്റുജീവികള്‍, വളര്‍ത്തു മൃഗങ്ങള്‍, കുറുക്കന്‍ എന്നിവയില്‍ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, എലിയിലാണ് രോഗാണു കൂടുതലായി കാണുന്നത്. മൂത്രത്തിലൂടെ പുറത്തു വരുന്ന രോഗാണുക്കള്‍ ജലം, മണ്ണ്, ഫലവര്‍ഗങ്ങള്‍ എന്നിവയെ മലിനമാക്കുകയും മനുഷ്യരിലേയ്ക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണുക്കള്‍ പെട്ടെന്ന് പെരുകും. വെള്ളവുമായുള്ള സമ്പര്‍ക്കം രോഗസാധ്യത വര്‍ധിപ്പിക്കുന്നു. മുറിവിലൂടെയാണ് അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കുകയാണ് പോംവഴി. ആരോഗ്യകേന്ദ്രങ്ങളിലൂടെ സര്‍ക്കാര്‍ സൗജന്യമായി മരുന്ന് നല്‍കുന്നുണ്ട്.

ലക്ഷണം

പെട്ടെന്നുള്ള പനി, തലവേദന, കണ്ണുകള്‍ക്ക് ചുറ്റും കഠിനമായ വേദന, ചുവപ്പു നിറം, ഇടുപ്പിലെയും കണങ്കാലിലെയും പേശികള്‍ക്ക് വേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചികിത്സ വൈകിക്കുകയോ മതിയായ ശ്രദ്ധ നല്‍കാതിരിക്കുകയോ ചെയ്യുന്നത് വൃക്കയെയും കരളിനെയും ബാധിക്കും. കരള്‍ വീക്കം, മഞ്ഞപ്പിത്തം, മെനിഞ്ചൈറ്റിസ്, മയോ കാര്‍ഡൈറ്റിസ് എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ പിടിപെടുന്നത്.

പരിഹാരം

പരിസര ശുചിത്വം, എലി നശീകരണം എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍. എലി മൂത്രമോ ആഹാരമോ കലര്‍ന്ന ആഹാരം ഒഴിവാക്കുക, മഴക്കാലത്ത് തുറസ്സായ ജലാശയത്തില്‍ കുളിക്കുകയും കൈകാല്‍ കഴുകുകയും ചെയ്യരുത്. മുറിവുകള്‍ മരുന്നുവച്ചു കെട്ടി സൂക്ഷിക്കുക. മലിനജലവുമായുള്ളസമ്പര്‍ക്കം ഒഴിവാക്കുക എന്നിവയാണ് രോഗബാധ തടയാനുള്ള വഴികള്‍.

എലിപ്പനിക്ക് ഫലപ്രദമായ ചികിത്സയുണ്ട്. കൃത്യമായി രോഗനിര്‍ണ്ണയം അത്യാവശ്യമാണ്. പനിക്ക് മാത്രമായി ചികിത്സ തേടുന്നവര്‍ രോഗം മാറുന്നതോടെ മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതാണ് വൃക്ക, കരള്‍ എന്നിവയെ ബാധിക്കാന്‍ കാരണമാകുന്നതെന്ന് പുതുപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ലാല്‍ ആന്റണി വിശദീകരിച്ചു. ഡോക്‌സിസൈക്ലിങ് എന്ന പ്രതിരോധ മരുന്നാണ് അലോപ്പതിയില്‍ നല്‍കുന്നത്. വിലക്കുറവും ഫലപ്രദവുമാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ക്ക് മുന്‍കരുതലായി മരുന്നുനല്‍കുന്നുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസം വീതമാണ് മരുന്ന് നല്‍കുന്നത്. പെന്‍സിലിന്‍ ഇനത്തില്‍പ്പെട്ട മരുന്നുകളും എലിപ്പനിക്ക് നല്‍കുന്നുണ്ട്.

ആയുര്‍വേദത്തില്‍ പനിക്കുപയോഗിക്കുന്ന അമൃതോത്തരം കഷായം എലിപ്പനി ബാധിതര്‍ക്കും നല്‍കാം. വില്വാദി ഗുളിക, സുദര്‍ശനം ചൂര്‍ണ്ണം, ചന്ദ്രപ്രഭ ഗുളിക, നീലി മൂലാദി, നീലി തുളസ്യാദി തുടങ്ങിവയാണ് മറ്റു മരുന്നുകള്‍. കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുന്നവര്‍ വേപ്പെണ്ണ പുരട്ടണമെന്ന് നിര്‍ദേശം നല്‍കുന്നുണ്ടെന്ന് ജില്ലാ ആയുര്‍വേദ ആസ്​പത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.വി. അജിത് കുമാര്‍ പറഞ്ഞു.