എലിയെ പിടിക്കാൻ വന്ന പാമ്പ് വലയിലായി

എരുമേലി ∙ എലിയെ പാമ്പ് പിടിച്ചു. പാമ്പിനെ നാട്ടുകാർ പിടികൂടി. പാമ്പിന്റെ വായിൽനിന്നു തലയൂരിയ എലി ഓടിരക്ഷപ്പെട്ടു. വെള്ളി രാത്രി ഒൻപതിനു കൊരട്ടി ഉറുമ്പിൽപാലം വെട്ടിക്കൊമ്പിൽ സലിയുടെ വീടിനു പിന്നാമ്പുറത്താണു മൂർഖൻ പാമ്പ് എത്തിയത്. മാളത്തിൽനിന്നു പുറത്തെത്തിയ എലിയെ പിടികൂടുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ, എലിയും പാമ്പും തമ്മിലുള്ള വേട്ടക്കാരൻ– ഇര കളി കുറേനേരം നീണ്ടു.

പാമ്പിന്റെ ചീറ്റലും എലിയുടെ കരച്ചിലും കേട്ടു വീട്ടുകാർ പിന്നാമ്പുറത്തെത്തി. ഒന്നര മീറ്ററിലേറെ നീളമുള്ള പാമ്പിനെ കണ്ടതോടെ വീട്ടുകാരും നാട്ടുകാരും നടുങ്ങി. ജനത്തെ കണ്ടതോടെ പാമ്പ് അവരുടെ നേരെ പത്തി ഉയർത്തി. ഈ സമയം എലി ഓടിമറഞ്ഞു. പാമ്പ് കയ്യാലപ്പൊത്തിൽ കയറിയൊളിക്കുകയും ചെയ്തു. തുടർന്നു നാട്ടുകാർ കയ്യാലപ്പൊത്തിനു കാവൽനിന്നു. മുക്കട സ്വദേശിയായ പാമ്പു പിടിത്തക്കാരൻ ബിജു കയ്യാല പൊളിച്ചു പാമ്പിനെ ചാക്കിനുള്ളിലാക്കി വനപാലകർക്കു കൈമാറി.