എലിവാലിക്കരയിലെ വ്യാജമദ്യ നിര്‍മാണം അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിച്ചു.

എരുമേലി: ഒറിജിനലിനെ തോല്‍പ്പിക്കുന്ന നിലയില്‍ വന്‍തോതില്‍ വിദേശമദ്യം വ്യാജമായി നിര്‍മിച്ചത് എക്‌സൈസ് റെയ്ഡില്‍ പിടികൂടിയയ സംഭവത്തില്‍ തുടരന്വേഷണം പൊലീസിലെ ക്രൈം ബ്രാഞ്ച് വിഭാഗം ആരംഭിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 ന് എരുമേലിക്കടുത്ത് എലിവാലിക്കരയില്‍ നിന്നുമാണ് റെയ്ഡില്‍ 1500 ലിറ്റര്‍ സെലിബ്രേഷന്‍ റം ഇനത്തിലുള്ള വ്യാജ വിദേശമദ്യം പിടികൂടിയത്. ഇവയ്‌ക്കൊപ്പം 314 ഹോളാഗ്രാം സ്റ്റിക്കറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ 125 ലേബലുകളും മുദ്രകള്‍ പതിപ്പിച്ച കുപ്പി അടപ്പുകളും പിടികൂടിയിരുന്നു.

മദ്യവും ഹോളോഗ്രാം സ്റ്റിക്കറുകളും ലേബലുകളുമെല്ലാം ഒറിജിനലുമായി എല്ലാതരത്തിലും സാമ്യമുള്ളതായതിനാല്‍ സംഭവം വന്‍ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഒറിജിനല്‍ പോലുള്ള ഹോളോഗ്രാം സ്റ്റിക്കറുകളും മറ്റും പ്രതികള്‍ക്ക് ലഭിച്ചതിന്റെ ഉറവിടം സംബന്ധിച്ചാണ് തുടരന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നത്. തമിഴ്‌നാട് ശിവകാശിയിലെ ഒരു പ്രസ്സില്‍ നിന്നും കൊരിയര്‍ വഴിയാണ് ഇവ ലഭിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെതത്തിയിരുന്നു. എന്നാല്‍ പ്രസ്സ് അടച്ചുപൂട്ടിയ നിലയിലാണ്. ഉടമയില്‍ നിന്നും വാടകയ്‌ക്കെടുത്ത് പ്രസ് നടത്തിയ ആളാണ് ഇവ പ്രിന്റ് ചെയ്ത് നല്‍കിയിരുന്നതെന്ന് സൂചനകള്‍ ലഭിച്ചിരുന്നു.

ഇയാള്‍ ഉടമക്ക് നല്‍കിയിരുന്നു വിലാസം വ്യാജമാണന്നാണ് തെളിഞ്ഞിരിക്കുന്നത്. റെയ്ഡില്‍ രണ്ട് പേരെയും പിന്നീട് മൂന്ന് പേരെയും എക്‌സൈസ് വകുപ്പ് പിടികൂടിയിരുന്നു. ഇതില്‍ പ്രധാന പ്രതിയായ ഏറ്റുമാനൂര്‍ സ്വദേശി ചാണ്ടി നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ്.

മദ്യ നിര്‍മാണത്തിന്റെ കൂട്ട് ഇയാളുടേതായിരുന്നു. ഒറിജിനല്‍ മദ്യം പോലെ നിര്‍മിക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞത് ലാബില്‍ പരിശോധന നടത്തിയ കെമിസ്റ്റുകളെവരെ അദ്ഭുതപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു