എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കാഴ്ചവച്ചു മലയോര സ്കൂളുകൾ

എരുമേലി ∙ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കാഴ്ചവച്ചു മലയോര സ്കൂളുകൾ നാടിന് അഭിമാനം പകർന്നു. കിഴക്കൻ മേഖലയിലെ അരഡസൻ സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു.

ഉമിക്കുപ്പ സെന്റ് മേരീസ്, എരുമേലി സെന്റ് തോമസ് സ്കൂളുകളിൽ അഞ്ചുവീതം എ പ്ലസുകളും ലഭിച്ചു. കണമല സാൻതോം, ഉമിക്കുപ്പ സെന്റ് മേരീസ്, എരുമേലി വാവർ മെമ്മോറിയൽ, മുട്ടപ്പള്ളി തിരുവള്ളുവർ, കനകപ്പലം എംടി, എരുമേലി ദേവസ്വം, കിസുമം ഗവ. സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു.

വാവർ മെമ്മോറിയൽ സ്കൂളിൽ 58, മുട്ടപ്പള്ളി തിരുവള്ളുവരിൽ 20, കനകപ്പലം എംടിയിൽ 45, ഉമിക്കുപ്പ സെന്റ് മേരീസിൽ 103, എരുമേലി ദേവസ്വത്തിൽ 14, കണമല സാൻതോമിൽ 142 വീതം കുട്ടികളാണു പരീക്ഷ എഴുതിയത്. എരുമേലി സെന്റ് തോമസിൽ പരീക്ഷ എഴുതിയ 232 വിദ്യാർഥികളിൽ 223 പേരും വിജയിച്ചു. നിർധനരും സാധാരണക്കാരുമായ രക്ഷിതാക്കളുടെ മക്കൾ പഠിക്കുന്ന സ്കൂളുകൾ നേടിയ വിജയമാണിത്. മഴക്കാലത്തു പമ്പാനദിയിൽ വെള്ളമുയർന്നാൽ അക്കരെയുള്ള ഉമിക്കുപ്പ, കണമല സ്കൂളുകളിൽ എത്താനാവാതെ വിഷമിച്ച ഒട്ടേറെ കുട്ടികളുണ്ട്.

സ്കൂളിലെത്താനാവാത്ത ദിവസത്തെ പഠനകാര്യങ്ങൾ അടുത്ത ദിവസങ്ങളിൽ അധ്യാപകരോടും സഹപാഠികളോടും ചോദിച്ചു മനസ്സിലാക്കി നോട്ടെഴുതി നേടിയ കഥ അവർക്കു പറയാനുണ്ട്. എരുമേലി വാവർ സ്കൂളിൽ പരീക്ഷയുടെ ഭാഗമായി രാത്രി ക്ലാസുകളും പരിശീലന പരിപാടികളും നടത്തിയിരുന്നു. പഠന പ്രവർത്തനങ്ങളിൽ സഹകരിച്ച മാനേജ്മെന്റിനെ പിടിഎ യോഗം അനുമോദിച്ചു.