എസ്‌.എസ്‌.എല്‍.സി. : മൂല്യനിര്‍ണയരീതിമാറ്റം പാഴ്‌വാക്കായി; ദുരുപയോഗം വ്യാപകമാക്കി സ്‌കൂളുകള്‍

നിരന്തര മൂല്യനിര്‍ണയരീതിക്കു മാറ്റംവരുത്തുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായതോടെ നേട്ടമുണ്ടാക്കിയതു നൂറു ശതമാനം വിജയമോഹവുമായി നടന്ന സ്‌കൂളുകള്‍. എസ്‌.എസ്‌.എല്‍.സിക്കു നൂറു ശതമാനം വിജയത്തിനായി സ്‌കൂളുകള്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്നതു നിരന്തര മൂല്യനിര്‍ണയത്തെയാണ്‌.
വിദ്യാര്‍ഥിയെ സമ്പൂര്‍ണ വിലയിരുത്തലിനു വിധേയനാക്കി മാത്രമേ നിരന്തര മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക്‌ നല്‍കാവൂ എന്നാണു ചട്ടം. എന്നാല്‍, വിജയശതമാനം ഉയര്‍ത്താന്‍ വര്‍ഷങ്ങളായി നിരന്തര മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക്‌ വാരിക്കോരിനല്‍കുകയാണ്‌. നിരന്തര മൂല്യനിര്‍ണയ രീതിയില്‍ വിദ്യാര്‍ഥിയുടെ പഠനശേഷി നിരന്തരം കൃത്യമായി വിലയിരുത്തി വേണം മാര്‍ക്ക്‌ നല്‍കാന്‍. പ്രബന്ധങ്ങള്‍, പ്ര?ജക്‌ടുകള്‍, സെമിനാറുകള്‍, പഠനക്കുറിപ്പുകള്‍ തുടങ്ങിയവയിലൂടെ പഠനവും അനുബന്ധപ്രവര്‍ത്തനവും വിലയിരുത്തണം. എന്നാല്‍, വിജയശതമാനത്തില്‍ സ്‌കൂളുകള്‍ തമ്മില്‍ മത്സരം വന്നതോടെ ഇതെല്ലാം തകിടംമറിഞ്ഞു.
നൂറു മാര്‍ക്കുള്ള വിഷയത്തിന്‌ 20 മാര്‍ക്കാണ്‌ നിരന്തരമൂല്യനിര്‍ണയത്തിലുള്ളത്‌. 50 മാര്‍ക്കുള്ള വിഷയങ്ങള്‍ക്കു 10 മാര്‍ക്കും.
വിദ്യാര്‍ഥിയുടെ പാഠ്യ-പാേഠ്യതര പ്രവര്‍ത്തനങ്ങളൊന്നും വിലയിരുത്താതെ, നന്നായി പഠിക്കുന്ന വിദ്യാര്‍ഥിക്കും പഠനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥിക്കും ഒരേ മാര്‍ക്ക്‌ തന്നെ വര്‍ഷങ്ങളായി നല്‍കുകയാണ്‌. വിവാദം ഒഴിവാക്കാന്‍ ചിലയിടങ്ങളില്‍ ഒന്നോ രണ്ടോ മാര്‍ക്ക്‌ കുറയ്‌ക്കും.
വിജയശതമാനത്തില്‍ ഏറ്റവും കൂടുതല്‍ മത്സരമുണ്ടായ 2013 മുതലാണ്‌ ഇതു തുടങ്ങിയത്‌. 2013 ല്‍ 94.17 ശതമാനമായിരുന്നു എസ്‌.എസ്‌.എല്‍.സി വിജയം. 2015 ല്‍ ഇത്‌ 98.59 ആയി. ഉയര്‍ന്ന വിജയത്തിനു മാര്‍ക്ക്‌ ദാനം നടത്തുകയാണെന്ന്‌ ആരോപണമുയര്‍ന്നതോടെ 2016 ല്‍ വിജയ ശതമാനം 96.59 ആയി കുറഞ്ഞു.
നിരന്തരമൂല്യനിര്‍ണയരീതിക്കെതിരേ പരാതിയും ആരോപണവുമുയര്‍ന്നപ്പോള്‍ നിലവിലുള്ള രീതിയില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ശാസ്‌ത്രീയമാര്‍ഗങ്ങളിലൂടെ മൂല്യനിര്‍ണയം നടത്താനായിരുന്നു തീരുമാനം. പഠിപ്പിച്ച കാര്യങ്ങള്‍ കുട്ടികള്‍ തമ്മില്‍ ചര്‍ച്ച ചെയ്‌തു വിലയിരുത്തുക, പഠനശേഷിയെക്കുറിച്ച്‌ അധ്യാപകന്‍ വിലയിരുത്തുക, പ്രബന്ധങ്ങള്‍ പരിശോധിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ കുട്ടിക്ക്‌ അര്‍ഹതപ്പെട്ട മാര്‍ക്ക്‌ നല്‍കാനായിരുന്നു തീരുമാനം.
പ്ര?ജക്‌ട്‌ തയാറാക്കാനും അതിലേക്ക്‌ എത്തിച്ചേരാനും വിദ്യാര്‍ഥി നടത്തിയ ശ്രമങ്ങള്‍കൂടി ഇതോടൊപ്പം പരിഗണിക്കും. പ്ര?ജക്‌ടിനെപ്പറ്റി വിദ്യാര്‍ഥിക്കുള്ള അറിവായിരിക്കും പ്രധാനമായും പരിഗണിക്കുക.
പ്ര?ജക്‌ടില്‍ തെറ്റുണ്ടായാല്‍ വീണ്ടും ചെയ്യാന്‍ വിദ്യാര്‍ഥിയോടു നിര്‍ദേശിക്കും. ആദ്യഘട്ടത്തില്‍തന്നെ തൃപ്‌തികരമായി പ്ര?ജക്‌ട്‌ ചെയ്യുന്നവര്‍ക്കു മികച്ച മാര്‍ക്ക്‌ നല്‍കും. എന്നാല്‍, ഈ പ്രഖ്യാപനമാണ്‌ നടപ്പാകാതെ പോയത്‌.