എൻജിനീയറിങ്/ആർക്കിടെക്ചർ റാങ്ക് ലിസ്റ്റായി; പ്രവേശനസാധ്യതകൾ

എൻജിനീയറിങ്‌/ആർക്കിടെക്ചർ റാങ്ക് പട്ടിക വന്നു. പ്രവേശനസാധ്യതകൾ തേടിയുള്ള വിദ്യാർഥികളുടെ അന്വേഷണം നടക്കുന്ന സമയമാണ് ഇനിയുള്ള ഏതാനും ദിവസങ്ങൾ. അതിനുള്ള ഒരു ഉപാധി മുൻവർഷത്തെ പ്രവേശനവിവരങ്ങൾ തന്നെയാണ്. പക്ഷേ, ഈവർഷം പട്ടികയിലുള്ളവർ മുൻവർഷം ഉണ്ടായെന്നുവരില്ല.

താത്പര്യങ്ങൾ വിഭിന്നമാകാം. സീറ്റുകളുടെ എണ്ണത്തിൽ മാറ്റമുണ്ടാകും. അതുകൊണ്ടുതന്നെ മുൻവർഷത്തെ പ്രവേശനരീതി അതേപടി ഈ വർഷവും ആവർത്തിക്കണമെന്നില്ലെന്നകാര്യം റാങ്ക് പട്ടികയിലുള്ളവർ ഓർക്കണം. എൻജിനീയറിങ്‌ ആയാലും ആർക്കിടെക്ചറായാലും വിദ്യാർഥികളുടെ ആദ്യപരിഗണന സർക്കാർ/എയ്ഡഡ് കോളേജുകളോടാണ്. എൻജിനീയറിങ്‌ വിഭാഗത്തിൽ വിദ്യാർഥികൾക്ക് ഏറ്റവും താത്പര്യമുള്ള കോളേജ് തിരുവനന്തപുരം, ശ്രീകാര്യത്തുള്ള കോളേജ് ഓഫ് എൻജിനീയറിങ്‌ ആണ്.

2017-ൽ ഇവിടെ വിവിധ ബ്രാഞ്ചുകളിൽ, അവസാനമായി സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെന്റ് ലഭിച്ച എൻജിനീയറിങ്‌ റാങ്ക് ഇവയാണ്: അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ്‌ ഇൻസ്ട്രുമെന്റേഷൻ-3935, സിവിൽ-1875, കംപ്യൂട്ടർ സയൻസ്-732, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-1004, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്-1712, ഇൻഡസ്ട്രിയൽ-6076, മെക്കാനിക്കൽ-919.

ഗവൺമെന്റ്/എയ്ഡഡ് വിഭാഗത്തിൽ ഏതെങ്കിലുമൊരു കോളേജിൽ, വിവിധ ബ്രാഞ്ചുകളിൽ സ്റ്റേറ്റ്മെറിറ്റിൽ അവസാനമായി അലോട്ട്മെന്റ് ലഭിച്ച എൻജിനീയറിങ്‌ റാങ്കുകൾ ഇങ്ങനെ: അപ്ലൈഡ് ഇലക്‌ട്രോണിക്സ്-16,165, അഗ്രിക്കൾച്ചറൽ-7925, സിവിൽ-6585, കെമിക്കൽ-6859, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്‌-8685, ഡെയറി സയൻസ് ആൻഡ് ടെക്നോളജി-13,810, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-16,629, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ്-11,714, ഫുഡ് എൻജിനീയറിങ്‌ ആൻഡ് ടെക്നോളജി-14,840 ഫുഡ് ടെക്നോളജി-12,716, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ-19,458, ഇൻഡസ്ട്രിയൽ-6076, ഇൻഫർമേഷൻ ടെക്നോളജി-25,765, മെക്കാനിക്കൽ-7738, മെക്കാനിക്കൽ പ്രൊഡക്‌ഷൻ-8353, പ്രൊഡക്‌ഷൻ-8223.

ആർക്കിടെക്ചർ വിഭാഗത്തിൽ നാല് സർക്കാർ കോളേജുകളിലായി സ്റ്റേറ്റ് മെറിറ്റിൽ ആർക്കിടെക്ചർ റാങ്ക് 266 വരെയുള്ളവർക്ക് ബി.ആർക്. കോഴ്സിൽ അലോട്ട്മെന്റ് കിട്ടിയിട്ടുണ്ട്. തിരുവനന്തപുരം കേളേജ് ഓഫ് എൻജിനീയറിങ്ങിലെ അവസാന എസ്.എം. റാങ്ക് 74 ആയിരുന്നു. ഇവയെല്ലാം അലോട്ട്മെന്റ് നടപടികൾ പൂർത്തിയായപ്പോഴത്തെ നിലയാണെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.