എൻഡിഎ സ്ഥാനാർഥികളിൽ ജില്ലയിൽ മുന്നിൽ വി.എൻ.മനോജ്

പൊൻകുന്നം∙ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുനേടിയ എൻഡിഎ സ്ഥാനാർഥിയായി കാഞ്ഞിരപ്പള്ളിയിലെ വി.എൻ.മനോജ്. പഴയ വാഴൂർ മണ്ഡലത്തിൽ നിന്നു കാഞ്ഞിരപ്പള്ളിയായി രൂപഭേദം സംഭവിച്ചപ്പോഴും രാഷ്ട്രീയ സ്വഭാവത്തിൽ കാര്യമായ വ്യത്യാസം വരുത്താത്ത മണ്ഡലത്തിൽ താമര ചിഹ്നത്തിൽ മൽസരിച്ച മനോജ് നേടിയത് 31,411 വോട്ടുകൾ.

ഭൂരിപക്ഷ മുന്നാക്ക വിഭാഗങ്ങൾക്കു നിർണായക സ്വാധീനമുള്ള നിയോജക മണ്ഡലത്തിൽ വാഴൂർ ഗ്രാമപഞ്ചായത്ത് അംഗമായ മനോജിനെ സ്ഥാനാർഥിയാക്കിയതോടെ മികച്ച മൽസരത്തിനു കളമൊരുങ്ങിയിരുന്നു.

നേതൃത്വത്തിന്റെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവച്ചതോടെ സംസ്ഥാനത്ത് എൻഡിഎ ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ ആദ്യഘട്ടത്തിൽ കാഞ്ഞിരപ്പള്ളിയും എത്തുന്നതു വരെയെത്തി കാര്യങ്ങൾ. ബിഡിജെഎസിന്റെ ശക്തികേന്ദ്രങ്ങളിലെ വോട്ടുകൾ കൂടിയായതോടെ മിക്ക പഞ്ചായത്തുകളിലും ഇടത് വലത് മുന്നണികൾക്കു ശക്തമായ വെല്ലുവിളിയാണു മനോജ് ഉയർത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി നേടിയ 8037 വോട്ടുകളിൽ നിന്നു പടിപടിയായി വോട്ടുകൾ കൂടുന്ന കാഴ്ചയാണു കാഞ്ഞിരപ്പള്ളിയിൽ.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ എം.ടി.രമേശ് ഇരുപത്തിരണ്ടായിരത്തിലധികം വോട്ടുകൾ നേടി. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ 29920ൽ എത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടായിരത്തോളം വോട്ടുകൾ വീണ്ടും കൂട്ടി ഗ്രാഫ് ഉയർത്തി. പള്ളിക്കത്തോട്, ചിറക്കടവ്, വാഴൂർ, വെള്ളാവൂർ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പമെത്തി. മനോജ് ഗ്രാമപഞ്ചായത്ത് അംഗമായ വാഴൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതു ബിജെപിയുടെയും എൻഡിഎയുടെയും ആത്മവിശ്വാസം കൂട്ടുന്നു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ജില്ലയിൽ വോട്ടഭ്യർഥിക്കാനായി എത്തിയ ഏക മണ്ഡലമെന്നതും കാഞ്ഞിരപ്പള്ളിയെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു.സുരേഷ് ഗോപി എംപിയുടെ റോഡ് ഷോ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളും ആർഎസ്എസിന്റെ നേതൃത്വത്തിൽ കൃത്യമായി നടത്തിയ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളും ജില്ലയിലെ എൻഡിഎ സ്ഥാനാർഥികളിൽ ഒന്നാമതെത്താൻ വി.എൻ.മനോജിനു സഹായകമായി.