എൽഡിഎഫ്‌ സർക്കാരിന്റെ തൊപ്പിയിൽ തൂവലായി ശബരി റയിൽപ്പാത

വർഷങ്ങളായി പാളത്തിലെത്താതെ മുടങ്ങിയ അങ്കമാലി-ശബരി റയിൽ പദ്ധതിക്ക്‌ പച്ചക്കൊടിയായതോടെ മലയോരമേഖലയുടെ ചിരകാലസ്വപ്നം പ്രവൃത്തിപഥത്തിലെത്തുമെന്നുറപ്പായി. ഇതിൽ, കുറഞ്ഞ കാലയളവിനുള്ളിൽ നടപടികൾ ത്വരിതപ്പെടുത്തിയ സംസ്ഥാന സർക്കാരിനും ഈ ആവശ്യത്തിനുവേണ്ടി നിരന്തരം പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച ആക്ഷൻ കൗൺസിലിനും അഭിമാനിക്കാൻ വകയേറെ.
കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ നാലരവർഷം നീട്ടിക്കൊണ്ടുപോയ പദ്ധതിയാണിത്‌. മൊത്തം അടങ്കൽ തുകയുടെ പകുതി സംസ്ഥാനം വഹിക്കണമെന്നായിരുന്നു റയിൽവേയുടെ നിർബന്ധം. വിഹിതം വഹിക്കില്ലെന്നും സംയുക്ത സംരംഭത്തിനില്ലെന്നുമുള്ള നിലപാടായിരുന്നു തുടക്കം മുതൽ യുഡിഎഫ്‌ സർക്കാരിന്റേത്‌. സ്ഥലമെടുപ്പ്‌ നടപടികളും മറ്റും വേഗത്തിലാക്കാൻ 2006-ലെ എൽഡിഎഫ്‌ സർക്കാർ മുവാറ്റുപുഴയിൽ അനുവദിച്ച ഓഫീസ്‌ സൗകര്യങ്ങളും മറ്റും പിന്നീടുവന്ന ഉമ്മൻചാണ്ടി സർക്കാർ റദ്ദാക്കുകയും ചെയ്തു. ബഹുജന പ്രക്ഷോഭം ശക്തമായപ്പോൾ, റയിൽവേയുടെ വ്യവസ്ഥകളോട്‌ സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച്‌ കത്തെഴുതിയത്‌ അധികാരത്തിൽ നിന്നിറങ്ങുന്നതിനു തൊട്ടുമുമ്പ്‌ 2015 ഫെബ്രുവരിയിൽ. അപ്പോഴേക്കും അടങ്കൽ തുക 550 കോടിയിൽ നിന്ന്‌ 2600 കോടിയിലേക്കെത്തുകയും ചെയ്തു.
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോരമേഖലകളെ ബന്ധിപ്പിക്കുന്ന 120 കിലോമീറ്റർ ദൈർഘ്യമുള്ള അങ്കമാലി-എരുമേലി റയിൽപദ്ധതിയാണ്‌ ആദ്യം രൂപകൽപ്പന ചെയ്തത്‌. 1998-ലാണ്‌ പദ്ധതിക്ക്‌ അംഗീകാരം ലഭിച്ചത്‌. 550 കോടി രൂപയായിരുന്നു അന്ന്‌ കണക്കാക്കിയ പദ്ധതി ചെലവ്‌. പദ്ധതിയുടെ ഭാഗമായി അങ്കമാലി മുതൽ കാലടി വരെയുള്ള എട്ട്‌ കിലോമീറ്റർ ദൂരം റയിൽപ്പാളത്തിന്റെയും പെരിയാറിന്‌ കുറുകെയുള്ള കാലടിപ്പാലത്തിന്റെയും കാലടി സ്റ്റേഷന്റെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ തുടക്കമാവുകയും ചെയ്തു.
ഇതിനിടെ, സ്ഥലമെടുപ്പ്‌ പൂർണ്ണമായി പൂർത്തിയായ പദ്ധതികൾക്കു മാത്രമേ മുഴുവൻ തുകയും അനുവദിക്കൂ എന്നും ശബരി പദ്ധതിയുടെ സ്ഥലമെടുപ്പ്‌ പൂർത്തിയായിട്ടില്ലാത്തതിനാൽ പുതിയ പദ്ധതിയായേ പരിഗണിക്കാനാകൂ എന്നും അങ്ങനെ വരുമ്പോൾ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്നുമായി റയിൽവേ. ഇതിനോട്‌ അനുകൂല നിലപാട്‌ സ്വീകരിക്കാൻ സംസ്ഥാനം തയ്യാറാകാതെ വന്നപ്പോൾ പദ്ധതി അനിശ്ചിതത്വത്തിലായി.
ഇതിന്റെ ഫലമായി ഗതികേടിലായത്‌ പദ്ധതിക്കു വേണ്ടി ഭൂമി വിട്ടുകൊടുത്ത ജനങ്ങളാണ്‌. സാധാരണ ഇത്തരം പദ്ധതികളുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്‌ ഉയർന്നുവരാറുള്ള തർക്ക പ്രശ്നങ്ങളൊന്നും തന്നെ ശബരിപ്പാതയുടെ സ്ഥലമെടുപ്പിന്റെ ഒരുഘട്ടത്തിലുമുണ്ടായില്ല. 18 വർഷമായിട്ടും ഭൂമി വിട്ടുനൽകിയ ജനങ്ങൾക്ക്‌ നഷ്ടപരിഹാരം പോലും കൊടുത്തിട്ടില്ല. സ്ഥലം വിൽക്കാനോ വാങ്ങാനോ വീട്‌ വയ്ക്കാനോ ഇടിഞ്ഞു വീഴാറായ വീട്‌ പുതുക്കിപ്പണിയാൻ പോലുമോ സ്ഥലമുടമകൾക്ക്‌ അവകാശമില്ലാത്ത സ്ഥിതി. എന്നിട്ടും, പദ്ധതിക്കു വേണ്ടി ഭൂമി വിട്ടുനൽകാൻ സ്വമേധയാ ജനങ്ങൾ മുന്നോട്ടു വന്നു.
രണ്ട്‌ റയിൽവേ ബജറ്റുകളിൽ ശബരി പദ്ധതിക്കായി യുപിഎ സർക്കാർ നീക്കിവച്ചത്‌ അഞ്ച്‌ കോടി വീതം. കഴിഞ്ഞ റയിൽവേ ബജറ്റിലാണ്‌ ഇക്കാലത്തിനുള്ളിൽ വലിയ തുക പദ്ധതിക്കായി വകയിരുത്തിയത്‌. 40 കോടി. ഇതിനിടെ ജോയ്സ്‌ ജോർജ്ജ്‌ എംപി ചെയർമാനും സിപിഐ നേതാവും മുൻ മൂവാറ്റുപുഴ എംഎൽഎയുമായ ബാബുപോൾ കൺവീനറുമായി രൂപം കൊണ്ട കർമ്മസമിതി ശക്തമായ സമരങ്ങളുമായി രംഗത്തുവന്നു. ശബരിപ്പാത യാഥാർത്ഥ്യമാക്കുന്നതിന്‌ പ്രധാന തടസ്സം യുഡിഎഫ്‌ സർക്കാരിന്റെ അലംഭാവമാണെന്നായിരുന്നു അവരുടെ ആരോപണം. അന്നത്തെ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മണ്ഡലമായ നിലമ്പൂരിൽ നിന്ന്‌ നഞ്ചൻകോട്ടേയ്ക്ക്‌ റയിൽപ്പാത നിർമ്മിക്കാൻ പകുതി വിഹിതം വഹിക്കാമെന്നേറ്റതും മറ്റു പല മന്ത്രിമാരുടെയും മണ്ഡലങ്ങളിൽ കോടികൾ ധൂർത്തടിക്കുന്നതും അവർ ചൂണ്ടിക്കാട്ടി.
എൽഡിഎഫ്‌ സർക്കാർ ഒരു വെല്ലുവിളിയായി ഏറ്റെടുത്ത്‌ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ തീരുമാനിച്ചതോടെ നടപടികൾ സജീവമായി. ഇതുപ്രകാരം മൊത്തം പദ്ധതിചെലവിന്റെ 51 ശതമാനം സംസ്ഥാന സർക്കാരും 49 ശതമാനം റയിൽവേ ബോർഡും വഹിക്കാനാണ്‌ തീരുമാനമായിട്ടുള്ളത്‌. പദ്ധതിയുടെ രണ്ടാംഘട്ടമായി പാത എരുമേലിയിൽ നിന്ന്‌ പുനലൂർക്ക്‌ നീട്ടാനും തീരുമാനമായിട്ടുണ്ട്‌. അപ്പോൾ, കൊല്ലം ജില്ലകൂടി പദ്ധതിയിൽ ഉൾപ്പെടുകയും പാതയുടെ മൊത്തം ദൈർഘ്യം 195 കിലോമീറ്ററായി വർധിക്കുകയും ചെയ്യും.
പദ്ധതിയുടെ പ്രത്യേക നടത്തിപ്പ്‌ സംവിധാനം രൂപീകരിക്കാനുള്ള നടപടി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. പദ്ധതികളുടെ വേഗത്തിലുള്ള സുഗമമായ നടത്തിപ്പ്‌ ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാരിന്റെ പ്രോ ആക്ടീവ്‌ ഗവേൺസ്‌ ആന്റ്‌ ടൈംലി ഇംപ്ലിമെന്റേഷൻ (പ്രഗതി) പദ്ധതിയിലും ശബരി റയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.