എൽഡിഎഫ് അധികാരത്തിൽ വന്നാൽ അക്രമം അവസാനിപ്പിക്കും: വൈക്കം വിശ്വൻ

പൊൻകുന്നം ∙ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ അക്രമങ്ങൾ നടത്തി നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നതിനുള്ള ശ്രമം ബിജെപി അവസാനിപ്പിക്കണമെന്ന് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ. ചിറക്കടവിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ നടന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് അധികാരത്തിൽ വന്നാൽ അക്രമം അവസാനിപ്പിക്കുന്നതിനുള്ള ശക്‌തമായ നടപടി സ്വീകരിക്കും.

പ്രദേശത്തുണ്ടായ അക്രമസംഭവങ്ങളിൽ പോലീസ് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും വൈക്കം വിശ്വൻ ആവശ്യപ്പെട്ടു. സുരേഷ്. ടി.നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ വിവിധ കക്ഷിനേതാക്കളായ പിഎൻ.പ്രഭാകരൻ, വി.പി.ഇസ്‌മയിൽ, പി.എ.താഹ, പി.എൻ.വിജയപ്പൻ, അഡ്വ. ഗിരീഷ് എസ്. നായർ, വി.ജി.ലാൽ, മോഹൻ ചേന്ദംകുളം, രാജു തെക്കേക്കര എന്നിവർ പ്രസംഗിച്ചു.