എൽപിജി ശ്മശാനത്തിന്റെ പണി ഇഴയുന്നു

പൊൻകുന്നം ∙ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ചേപ്പുംപാറയിൽ നിർമിക്കുന്ന എൽപിജി ശ്മശാനത്തിന്റെ പണികൾ ഇഴയുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിനു മുൻപായി ഉദ്ഘടനം നടത്തുവാനായി നിർമാണം ത്വരിതഗതിയിൽ നടക്കുന്നതിനിടയിലാണ് ചുറ്റുമതിൽ നിർമിക്കുന്ന കരാറുകാരൻ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചത്. കരാറുകാരൻ നൽകിയ ഇടക്കാല ബിൽ പാസാക്കാതെ വന്നതോടെയാണ് നിർമാണം നിർത്തിവച്ചത്.

ഇതോടെ പണിസ്ഥലത്തുണ്ടായിരുന്ന നിർമാണ സാമഗ്രകികൾ കരാറുകാരൻ കൊണ്ടുപോയി. ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷവും ഗ്രാമപഞ്ചായത്തിന്റെ 5.5 ലക്ഷം രൂപയും മുതൽമുടക്കിയാണ് ചുറ്റുമതിൽ നിർമിക്കുന്നത്. ലോകബാങ്കിന്റെ 45 ലക്ഷം, സർക്കാർ വികസന ഫണ്ടിൽ നിന്നുള്ള 25 ലക്ഷവും പഞ്ചായത്തിന്റെ തനതു ഫണ്ടിൽനിന്നും 52 ലക്ഷം രൂപയും മുടക്കിയാണ് ശ്മശാനം നിർമിക്കുന്നത്. 2014ൽ കമ്മിഷൻ ചെയ്ത മുണ്ടക്കയത്തെ എൽപിജി ശ്മാശാനത്തിന് 50.5 ലക്ഷം രൂപയാണ് ചെലവായത്. തികച്ചും ഗ്രാമീണ മേഖലയായ പ്രദേശത്ത് ഇത്രയും മുടക്കുമുതലിൽ ശ്മശാനം നിർമിക്കുന്നത് അൾക്കാർക്കിടയിൽ ചർച്ച വിഷയമായിരിക്കുകയാണ്.

ചേപ്പുംപാറയിലുള്ള ഒന്നരയേക്കർ സ്ഥലത്താണ് പഞ്ചായത്തിൽ എൽപിജി പൊതുശ്മശാനം ‘ശാന്തി തീരം’ നിർമിക്കുന്നത്. പീഠം, മൃതദേഹം ദഹിപ്പിക്കുന്ന കെട്ടിടം, കുഴൽക്കിണർ, പുകക്കുഴൽ, ദഹിപ്പിക്കുന്ന പെട്ടി, കവാടം എന്നിവയോടെ വ്യാവസായിക ആവശ്യത്തിനായുള്ള എൽപിജിയിലാണ് ശ്മശാനം. ഒരു ജഡം ദഹിപ്പിക്കുവാൻ 12 കിലോ വാതകം വേണം. പരമാവധി ഒന്നര മണിക്കൂർ കൊണ്ട് ജഡം ഭസ്മമാകും. ദഹിപ്പിക്കുന്ന ജഡത്തിൽനിന്നുള്ള പുക ആദ്യം വെള്ളത്തിലൂടെ കടത്തിവിടും. മാലിന്യങ്ങൾ വെള്ളത്തിൽ ലയിച്ചശേഷം അവശേഷിക്കുന്ന ദുർഗന്ധമില്ലാത്ത വെളുത്തപുക 100 മീറ്റർ ഉയരമുള്ള കുഴലിലൂടെ പുറത്തേക്കുതള്ളും.