എ.എസ്. അൻസിലിനു പുരസ്കാരം നൽകി

കാഞ്ഞിരപ്പള്ളി∙ കഞ്ചാവ് വിൽപനയ്ക്കെതിരെ കർശന നടപടികൾ സ്വീകരിച്ച എസ്എെ: എ.എസ്. അൻസിലിനെ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീഖ് പുരസ്‌കാരം നൽകി അനുമോദിച്ചു. കഞ്ചാവ് വിൽപനക്കാരെ പിടികൂടുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് എസ്ഐ: എ.എസ്. അൻസിലിനെ അനുമോദിച്ചത്.

ജനുവരി മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ 12 കേസുകളിലായി ഒന്നര കിലോഗ്രാം കഞ്ചാവ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പിടികൂടി. 2017ൽ ഒൻപതു കിലോഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. 40 കേസുകളും റജിസ്റ്റർ ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾക്കു പ്രോൽസാഹനം നൽകുന്നതിനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.