ഏന്തയാറ്റില്‍ രണ്ടുവീടുകളില്‍ മോഷണശ്രമം

ഏന്തയാര്‍: ഏന്തയാറ്റില്‍ രണ്ടുവീടുകളില്‍ മോഷണശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഏന്തയാര്‍ ടൗണില്‍ ചീരന്‍ചിറ ജോസിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ അകത്തുകയറി. ശബ്ദംകേട്ട് ഉണര്‍ന്ന അയല്‍ക്കാര്‍ ബഹളമുണ്ടാക്കിയപ്പോഴേയ്ക്കും മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. വീട്ടുകാര്‍ ഉറക്കത്തിലായിരുന്നു.

നാട്ടുകാരും വിവരം അറിഞ്ഞ് എത്തിയ പോലീസും തിരച്ചില്‍ നടത്തുന്നതിനിടയില്‍ രണ്ട് കിലോമീറ്റര്‍ അകലത്തില്‍ പുല്ലുരുത്തിയില്‍ തോമസ്‌ജോസഫിന്റെ വീട്ടില്‍ മോഷ്ടാക്കള്‍ കയറി. വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ ഓടി. നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ മോഷ്ടാക്കള്‍ കല്ലെറിഞ്ഞ് ഇവരെ ഓടിക്കുകയായിരുന്നു.

കഴിഞ്ഞയിടെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്ന് ടയറും സ്റ്റീരിയോയും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.