ഏഴടി പെണ്ണിന് അഞ്ചടി പയ്യന്‍

elisani-3
കാമുകന് ഒരു സ്‌നേഹ ചുംബനം നല്‍കണമെങ്കില്‍ എലിസാനിയ്ക്കു നന്നായി കുനിയണം. കാരണം ഫ്രാന്‍സിനാല്‍ഡോയ്ക്ക് അഞ്ചടി നാലിഞ്ച് ഉയരമേയുള്ളൂ. എലിസാനിയുടെ ഉയരം ആറടി എട്ടിഞ്ചും.ബ്രസീലിലെ സാലിനോപ്പൊലിസില്‍ നിന്നുള്ള എലിസാനി ഡ ക്രൂസ് സില്‍വയ്ക്കു വയസ്സ് പതിനേഴേ ആയുള്ളൂ.

ഗിന്നസ് ബുക്കിലൊന്നും പേരില്ലെങ്കിലും ലോകത്തിലെ ഏറ്റവും ഉയരമുള്ള കൗമാരക്കാരി എന്ന ബഹുമതിക്കര്‍ഹയാണീ മോഡല്‍ എന്നാണ് റിപ്പോര്‍ട്ട്.

ശരീര വളര്‍ച്ച നിയന്ത്രിക്കുന്ന പിറ്റിയൂറ്ററി ഗ്രന്ഥിയില്‍ ട്യൂമറുണ്ടായിരുന്നു, എലിസാനിക്ക്. അമിത വളര്‍ച്ചയ്ക്കു വഴിയൊരുക്കിയത് അതാണ്. ട്യൂമര്‍ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തതുകൊണ്ട് ഇപ്പോള്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല.

കാമുകന്‍ ഫ്രാന്‍സിനാല്‍ഡോ ഡസില്‍വ കാര്‍വാലോയ്ക്ക് എലിസാനിയെക്കാള്‍ അഞ്ചുവയസ്സിന്റെ മൂപ്പുണ്ട്. പക്ഷേ, ഉയരം ഒന്നരയടി കുറവാണ്. ഈ ഉയരവ്യത്യാസം പ്രശ്‌നമല്ലേയെന്ന ചോദ്യത്തിന് എലിസാനിയ്ക്കും നിര്‍മാണത്തൊഴിലാളിയായ ഫ്രാന്‍സിനാല്‍ഡോയ്ക്കും ഒരേ മറുപടിയാണ്, ‘സ്‌നേഹമുണ്ടെങ്കില്‍ മറ്റൊന്നും പ്രശ്‌നമല്ല, എങ്കിലും ചെറിയൊരു പ്രശ്‌നമുണ്ട്. ഞങ്ങള്‍ കൈ കോര്‍ത്തു പിടിച്ചുപോകുമ്പോള്‍ നാട്ടുകാര്‍ കരുതുക അമ്മയും മകനുമാണെന്നാണ്’-എലിസാനി പറയുന്നു.