ഐഎച്ച്ആർഡി കോളജിൽ ഈ വർഷം കൂടി പ്രവേശനം

കാഞ്ഞിരപ്പള്ളി∙ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം പ്രവർത്തനം പ്രതിസന്ധിയിലായ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ഇൗ വർഷം കൂടി പ്രവേശനം നടത്തുവാൻ തീരുമാനം. ഇന്നലെ യൂണിവേഴ്സിറ്റി അധികൃതർ വിദ്യാഭ്യാസ മന്ത്രി പ്രഫ.രവീന്ദ്രനാഥ്, ഡോ.എൻ.ജയരാജ് എംഎൽഎ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം.

യുജിസി മാനദണ്ഡപ്രകാരം ഐഎച്ച്ആർഡി കോളജ് പ്രവർത്തിക്കണമെങ്കിൽ അഞ്ച് ഏക്കർ സ്ഥലം, ക്ലാസ് റൂമുകൾ, ലാബ്, ലൈബ്രറി എന്നിവ വേണമെന്നാണു നിയമം. എന്നാൽ, കാഞ്ഞിരപ്പള്ളിയിലെ ഐഎച്ച്ആർഡി കോളജിന് ഈ സൗകര്യങ്ങളൊന്നുമില്ല. ഇതിനെത്തുടർന്നാണ് ഈ വർഷം പ്രവേശനം നടത്തുന്നതു നിർത്തലാക്കിയത്.

ഇതുസംബന്ധിച്ച് കോളജിനു നോട്ടിസും നൽകിയിരുന്നു. ഗവൺമെന്റ് സ്കൂളിന്റെ മുറികളിലാണ് 2010 ജൂണിൽ കോളജ് പ്രവർത്തനം ആരംഭിച്ചത്. ബികോം, ബിഎസ്‌സി കംപ്യൂട്ടർ, ഇലക്ട്രോണിക്‌സ് എന്നീ കോഴ്‌സുകളിലായി ആദ്യവർഷം 90 കുട്ടികളുമായി ആരംഭിച്ച കോളജിൽ വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടായതോടെ സ്ഥലസൗകര്യം നടത്തിപ്പിനു വിലങ്ങുതടിയായി. തുടർന്ന് സഹകരണ ബാങ്കിന്റെ മുകളിൽ താത്ക്കാലിക സൗകര്യമൊരുക്കി ക്ലാസ് തുടർന്നു. കോളജ് പ്രവർത്തിക്കുന്നതിന് കെട്ടിടം നിർമ്മിക്കുവാൻ ഫണ്ട് ലഭ്യമാണെങ്കിലും സ്ഥല സൗകര്യമാണു പ്രശ്നമായിരിക്കുന്നത്. ഇൗ വർഷം സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിച്ചില്ലെങ്കിൽ കോളജിന്റെ അംഗീകാരം വരെ നഷ്ടമാകുവാൻ സാധ്യതയേറുകയാണ്.