ഒരുക്കങ്ങളെല്ലാം പൂർണം; പൊതുജനത്തിന്റെ മനസ്സറിയാതെ ചങ്കിടിപ്പോടെ സ്ഥാനാർഥികൾ

കാഞ്ഞിരപ്പള്ളി : കലാശകൊട്ടും നിശബ്ദ പ്രചാരണവും അവസാനരാത്രിയിലെ കരുനീക്കങ്ങളും പൂർത്തിയാക്കിയാണു സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടുന്നത്. ഒരുക്കങ്ങളെല്ലാം പൂർണം; പൊതുജനത്തിന്റെ മനസ്സറിയാതെ ചങ്കിടിപ്പോടെ സ്ഥാനാർഥികൾ

വോട്ടെടുപ്പ് കഴിയുന്നതോടെ ഏകദേശ ഫലം മനസ്സിലാക്കാൻ പോളിങ് സ്റ്റേഷനിലെത്തുന്ന ബൂത്ത് പ്രതിനിധികൾക്കു നിർദേശം നൽകി കക്ഷികളും സജ്ജമായി. തങ്ങൾക്ക് അനുകൂലമാകുന്ന വോട്ടുകൾ രേഖപ്പെടുത്തി കൃത്യമായ കണക്കുകൾ വോട്ടെടുപ്പ് കഴിയുന്നതോടെ കൂട്ടിയെടുക്കുക എന്നതാണ് ഇത്തവണയും ലക്ഷ്യം. മണ്ഡലത്തിലെ മാതൃകാ പോളിങ് ബൂത്തുകളിൽ വോട്ടർമാരെ സ്വീകരിക്കുവാൻ പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മുണ്ടക്കയം പഞ്ചായത്തിലെ സിഎംഎസ് എൽപി സ്കൂൾ ഇത്തവണ മാതൃകാ പോളിങ് ബൂത്താണ്. ഇവിടെ പോളിങ് ബൂത്തിലേക്കു വോട്ടർമാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള കമാനം, വോട്ട് ചെയ്തു മടങ്ങുന്നവർക്കു നന്ദി അർപ്പിച്ചുകൊണ്ടുള്ള കാർഡും മിഠായിയും, വയോജനങ്ങൾക്കും സ്ത്രീകൾക്കുമായി പ്രത്യേക സൗകര്യങ്ങൾ, അംഗപരിമിതർക്കു വീൽ ചെയർ, ആംബുലൻസ് എന്നീ സജ്ജീകരണങ്ങൾ ഉണ്ടായിരിക്കും.

അതതു പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കേന്ദ്ര സേനാംഗങ്ങളെയും പൊലീസ് ട്രെയിനികളെയും ഉൾപ്പെടുത്തി പ്രശ്നബാധിത ബൂത്തുകളിലടക്കം കർശന സുരക്ഷയും ഒരുക്കിയിട്ടുണ്ട്.