ഒരു ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചത് 24 പേര്‍

ഒരു ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം എത്രയാണെന്ന് ഊഹിക്കാന്‍ കഴിയുമോ. നമ്മുടെ നാട്ടില്‍ ഓട്ടോയില്‍ കയറ്റുക മൂന്ന് പേരെയാണ്. ഡ്രൈവര്‍മാര്‍ക്ക് കരുണ തോന്നിയാല്‍ നാല് പേരെ കയറ്റും. അതിലധികം ആളെ കയറ്റിയാല്‍ ‘പോലീസ് പിടിക്കു’മെന്ന് അവര്‍ക്കറിയാം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഷെയര്‍ വ്യവസ്ഥയില്‍ പത്തും പന്ത്രണ്ടും പേരൊക്കെ ഒരു ഓട്ടോയില്‍ യാത്ര ചെയ്യാറുണ്ട്.
എന്നാല്‍ അതിലിരട്ടി ആളുകളെ കയറ്റിയ ഒരു ഓട്ടോറിക്ഷയുടെ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറല്‍. തെലങ്കാനയിലെ ഭോംഗിറില്‍ നിന്നുള്ളതാണ് വീഡിയോ. 24 യാത്രക്കാരാണ് ഓട്ടോയിലുണ്ടായിരുന്നത്. വീഡിയോ വൈറലായി, പക്ഷെ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള പിഴയും കിട്ടി.
ടുഡെ ടെലിവിഷനിലെ ആശിഷ് പാണ്ഡെയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കു വെച്ചത്. ‘ഒരു ഓട്ടോറിക്ഷയ്ക്കുള്ളില്‍ എത്ര പേരെ കയറ്റാമെന്ന് ഊഹിക്കാമോ? സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന 24 യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ് അലെര്‍ട്ടിസന്‍ (Alertizen) ഭോംഗിറില്‍ പിടികൂടിയത്. അനുവദനീയമായതിലധികം ആളുകളെ കയറ്റിയാല്‍ പിഴ നല്‍കേണ്ടി വരും’ എന്ന അടിക്കുറിപ്പോടെയാണ് ആശിഷ് വീഡിയോ ഷെയര്‍ ചെയ്തത്.

നിരവധി പേര്‍ ട്വീറ്റിന് മറുപടിയുമായെത്തി. നിയമപാലനത്തിലെ പിഴവിനെ കുറിച്ച് ചിലര്‍ പരാതി പറഞ്ഞപ്പോള്‍ ഇതൊരു ലോക റെക്കോര്‍ഡാണെന്ന് സരസമായി കമന്റ് ചെയ്തവരുമുണ്ട്.