ഒരു ഗ്രാമം ഓർമയിൽ നിന്നും നാട്ടുചന്ത വീണ്ടെടുക്കുന്നു

മണിമല∙ നാലു പതിറ്റാണ്ടു മുമ്പ് മറവിയിലാണ്ടു പോയ ഒരു നാട്ടുചന്തയെ ഒരു പറ്റം ചെറുപ്പക്കാർ വീണ്ടെടുത്ത കഥയാണ് കോട്ടയം ജില്ലയിലെ വെള്ളാവൂർ എന്ന ഗ്രാമത്തിനു പറയാനുള്ളത്. ജില്ലയുടെ തെക്കേയറ്റത്ത് മണിമലയാറിന്റെ തീരത്തുള്ള ഗ്രാമത്തിന്റെ കവലയിൽ ഒരു പകൽ പച്ചക്കറിയും മീനും ഇറച്ചിയും പാത്രങ്ങളും നിരക്കുകയും രണ്ടായിരത്തോളം ആളുകൾ തടിച്ചുകൂടുകയും ചെയ്തപ്പോൾ ഉണർന്നത് ഒരു ഗ്രാമച്ചന്ത മാത്രമല്ല, പോയ ഒരു കാലത്തിന്റെ ഓർമകളും നന്മ നിറഞ്ഞ ഒരു വിപണി സംസ്കാരവും കൂടിയായിരുന്നു.

വെള്ളാവൂർ ഗ്രാമദീപം കാർഷിക ക്ലബ്ബിന്റെയും കേരള വികസന സമിതി എന്ന സന്നദ്ധ സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ വെള്ളാവൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജനുവരി 11 -നു ചന്ത പുനരുജ്ജീവിച്ചപ്പോൾ ഉദ്‌ഘാടകനായി പത്തനംതിട്ട എംപി ആന്റോ ആന്റണിയും കലർപ്പില്ലാത്ത നർമവുമായി സിനിമ-ടീവി താരം കിഷോറുമുണ്ടായിരുന്നു.

വെള്ളാവൂരിന്റെ ഹൃദയഭാഗത്ത് അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ഗ്രാമദീപം ഗ്രന്ഥശാലയിലെ യുവാക്കളുടെ കാർഷിക വൃത്തിയോടുള്ള സ്നേഹത്തിന്റെ ഫലമായാണ് കാർഷിക ക്ലബ് രൂപം കൊണ്ടത്. പാട്ടത്തിനെടുത്ത സ്ഥലത്തെ വിജയകരമായ വിളവെടുപ്പിനെ തുടർന്നുള്ള ചർച്ചകളിൽ നിന്നാണ് നാട്ടുചന്ത എന്ന ആശയം ഉടലെടുക്കുന്നത്. സമൃദ്ധമായ ഒരു നാട്ടുവിപണി നില നിന്നിരുന്നതിനെ പറ്റിയുള്ള പഴമക്കാരുടെ ഓർമ്മകൾ അവർക്ക് ഊർജം പകർന്നു.

ഏതു കാരണം കൊണ്ടാണ് ആ ചന്ത മുടങ്ങിപ്പോയതെന്നതിനെപ്പറ്റി പലർക്കും കൃത്യമായ അറിവില്ല. എന്നാൽ ചന്തയോടൊപ്പം വിസ്മൃതിയിലാണ്ടു പോയത് സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഒരു സംസ്കാരം കൂടിയായിരുന്നു എന്നതിൽ തല മുതിർന്നവർക്ക് തർക്കമില്ല. പലവിധ ജീവിതത്തിരക്കുകൾക്കും കൂണു പോലെ മുളക്കുന്ന സൂപ്പർ മാർക്കറ്റ് സംസ്കാരത്തിനുമിടയിലും ആർഭാടങ്ങളില്ലാത്ത ഒരു നാട്ടുവിപണി ആവശ്യമാണെന്ന് നാട്ടുകാർക്കും തോന്നിയതോടെ വെള്ളാവൂർ ചന്തക്ക് പുനർജന്മമായി.

“കൃഷിയുടെയും പ്രാദേശിക വിപണനത്തിന്റെയും ഒരു സംസ്കാരം വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് ഞങ്ങൾ പ്രധാനമായും ഈ ചന്ത കൊണ്ടുദ്ദേശിക്കുന്നത്. നാട്ടുകാർക്ക് സ്വന്തം കാർഷികോല്പന്നങ്ങൾ മികച്ച വിലക്ക് വിൽക്കാനുള്ള ഇടമൊരുക്കുക എന്ന ലക്ഷ്യവുമുണ്ട്,” കാർഷിക ക്ലബ്ബിന്റെ പ്രസിഡന്റും ഗ്രന്ഥശാലാ പ്രവർത്തകനുമായ ശ്രീജിത്ത് കെ.എസ്. പറഞ്ഞു. പഞ്ചായത്ത് അധികാരികളുടെയും ചന്ത നടത്തി പരിചയമുള്ള കേരള വികസന സമിതിയുടെയും പിന്തുണ കൂടിയായപ്പോൾ തങ്ങൾക്ക് ആത്മവിശ്വാസം വർധിച്ചുവെന്നു ശ്രീജിത്ത് പറഞ്ഞു. ഗ്രാമത്തിന്റെ പേരിൽ തന്നെയുള്ള കവലയുടെ സമഗ്രമായ വികസനത്തിന് ചന്ത അടിത്തറ പാകുമെന്നു കൂടി ക്ലബ് പ്രവർത്തകർ വിശ്വസിക്കുന്നു.

എല്ലാ വ്യാഴാഴ്ചയുമാണ് ചന്ത ദിവസം. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും ഭക്ഷ്യപദാർത്ഥങ്ങൾക്കും പുറമേ മറ്റു നിത്യോപയോഗ വസ്തുക്കളും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കച്ചവടക്കാർ ചന്തയിലെത്തിക്കും. ഇതിനു പുറമേ മാസത്തിലെ അവസാന വ്യാഴാഴ്ച കാലിച്ചന്തയുമുണ്ടാകും.