ഒരു മാസം മുൻപ് വരെ നിറഞ്ഞ് ഒഴുകി;വെള്ളം എങ്ങോട്ടു പോയി ?
പാലാ ∙ മഴ നിലച്ചിട്ട് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും മീനച്ചിലാറ്റിലെ ജല നിരപ്പ് ക്രമാതീതമായി കുറയുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ഒരു മാസം മുൻപ് വരെ നിറഞ്ഞ് ഒഴുകിയിരുന്ന ആറ്റിലാണ് പല സ്ഥലത്തും ഒഴുക്ക് നിലച്ചിരിക്കുന്നത്.ജല നിരപ്പ് താഴ്ന്നതോടെ പാലാ വലിയ പാലത്തിന് സമീപം തുരുത്ത് തെളിഞ്ഞു.

നീരൊഴുക്ക് നിലച്ചു , പാറക്കൂട്ടങ്ങൾ മാത്രം; ജലപദ്ധതികൾ പ്രതിസന്ധിയിൽ

ഹൈഡ്രോളജി വകുപ്പിന്റെ കണക്ക് പ്രകാരം മൈനസ് 65 മീറ്റർ ആണ് പാലാ വലിയ പാലത്തിന് സമീപത്തെ സ്കെയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.സമുദ്ര നിരപ്പിൽ നിന്നു 5.735 മീറ്റർ മീനച്ചിലാറ്റിലെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ ജലനിരപ്പിനു സമാനമാണ് ഇത് എങ്കിലും മെച്ചപ്പെട്ട തുലാവർഷം ലഭിച്ചിട്ടും ജല നിരപ്പ് വേഗത്തിൽ താഴുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ വർഷം തുലാവർഷം കാര്യമായി പെയ്തില്ല.

∙ മഴ വെള്ളം എങ്ങോട്ടു പോയി ?

ഇത്തവണ ജില്ലയിൽ ഒക്ടോബർ മുതൽ ഇതുവരെ 798.8 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. പ്രതീക്ഷിച്ചതിന്റെ 49% കൂടുതൽ ആണ് ഇത്. ഇത്ര മഴ ലഭിച്ചിട്ടും ആറ്റിലെ ജല നിരപ്പ് വേഗത്തിൽ താഴുന്നത് കടുത്ത ജല ക്ഷാമത്തിനു കാരണമാകും. നയിക്കുക. മീനച്ചിലാറിലെ തടയണയും കുഴിയുള്ള ഭാഗത്തും മാത്രമാണ് വെള്ളം കാര്യമായി ഉള്ളതെന്നും ഒഴുക്ക് ഉള്ള ഭാഗങ്ങളിൽ ശക്തി തീരെ കുറവാണ് എന്നും ഹൈഡ്രോളജി വിഭാഗം പറയുന്നു.

∙ മീനച്ചിലാർ 78 കീലോമീറ്റർ

78 കിലോമീറ്റർ നീളമുള്ള മീനച്ചിലാർ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്ന് ആരംഭിച്ച് പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട് കായലിൽ പതിക്കുന്നു. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം മലയോരത്തു 77 മുതൽ 1156 മീറ്റർ വരെയും ഇടനാട് മേഖലയിൽ 8 മുതൽ 68 മീറ്റർ വരെയും താഴ്ന്ന പ്രദേശങ്ങളിൽ 2 മീറ്ററിൽ താഴെയും ആണ്.വർഷം ശരാശരി 23490 ലക്ഷം ഘന മീറ്റർ ജലം മീനച്ചിലാറിൽ കൂടി ഒഴുകുന്നു. 38 പോഷക നദികളും 47 ഉപ പോഷക നദികളും 114 ചെറിയ അരുവികളും ഉണ്ട്.