ഒറ്റയ്ക്ക് എത്തി നാടിനെ വിറപ്പിക്കുന്ന പിടിയാന നാട്ടുകാരുടെ പേടി സ്വപ്നമാവുന്നു

കൊമ്പുകുത്തി ∙ ഒറ്റയ്ക്ക് എത്തി നാടിനെ വിറപ്പിക്കുന്ന പിടിയാന നാട്ടുകാരുടെ പേടി സ്വപ്നമാവുന്നു. കൊമ്പുകുത്തി മുളംകുന്നു ഭാഗത്താണ് ആന ശല്യം. 8 കർഷകരുടെ കൃഷിസ്ഥലങ്ങൾ നശിപ്പിച്ചു. രാത്രി ശബ്ദം കേട്ട് പുറത്തിറങ്ങുമ്പോൾ ആന വീട്ടുമുറ്റത്തു നിൽക്കുന്നതു കണ്ട് ആകെ ഭയത്തിലായി, നാട്ടുകാർ.

പുത്തൻപുരയ്ക്കൽ വിശ്വംഭരൻ, വാളാന്തോട്ടത്തിൽ ബിജു, കാഞ്ഞിരത്തു മൂട്ടിൽ ശ്രീനിവാസൻ എന്നിവരുടെ കൃഷി സ്ഥലങ്ങളിൽ വ്യാപക നാശമുണ്ടായി. ഞായർ രാത്രി 11.30 നാണു ശ്രീനിവാസന്റെ വീടിനു സമീപം ആനയെ കണ്ടത്. നാട്ടുകാർ ചേർന്ന് ആനയെ ഓടിക്കാൻ ശ്രമം നടത്തി.കരിയിലകൾ, ടയറുകൾ എന്നിവ കത്തിച്ച് ആനയെ കാട്ടിലേക്കു കടത്തിയെങ്കിലും പുലർച്ചെ ആന തിരിച്ചിറങ്ങി.

പടക്കം പൊട്ടിച്ചാണ് ആനയെ പിന്നീടു വിരട്ടിയോടിച്ചത്. മുൻപും ഇവിടെ ആന ശല്യം ഉണ്ടായിട്ടുണ്ട്. പക്ഷേ, ആന തുടരെ എത്തുന്നത് ഇതാദ്യം. ഇവിടെ വനാതിർത്തിയിൽ 2005ൽ സോളർ വേലി സ്ഥാപിച്ചിരുന്നു. എന്നാൽ കാടുകൾ കയറിയും മരങ്ങൾ വീണും ഇപ്പോൾ വേലി പൂർണമായും തകർന്നു. 4 കിലോമീറ്റർ ദൂരത്തിലുള്ള വേലി പുനർനിർമിക്കാൻ വനപാലകർക്കു കഴിഞ്ഞില്ല. പുതിയ വേലി സ്ഥാപിക്കുമെന്നു കഴിഞ്ഞ ദിവസം കോരുത്തോട്ടിൽ സർവകക്ഷി യോഗത്തിൽ അധികൃതർ അറിയിച്ചെങ്കിലും എപ്പോഴെന്ന ചോദ്യം ബാക്കി.