ഒലിച്ചുപോയത് 6000 കോഴികൾ ; സർക്കാർ സഹായം 5000 രൂപ

എരുമേലി∙ മഹാപ്രളയത്തിൽ ഒലിച്ചു പോയ 6000 കോഴികൾക്ക് സർക്കാർ നൽകിയ നഷ്ടപരിഹാരം 5000 രൂപ! 34 ദിവസം പ്രായമുള്ള കോഴികൾക്കാണ് ഒന്നിന് 75 പൈസ പോലും നൽകാതെ കർഷകനെ കബളിപ്പിച്ചത്. ഏഞ്ചൽവാലി കാലാപ്പറമ്പിൽ സാബുവിനാണ് ഈ ദുരവസ്ഥ. കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയത്തിൽ സാബുവിന്റെ കോഴി ഫാം പമ്പാനദിയിലെ പ്രളയത്തിൽ മുങ്ങി. ശരാശരി ഒരു കോഴിക്ക് 140 രൂപയുടെ ചെലവുണ്ടായിരുന്നു. കോഴികൾ നഷ്ടപ്പെട്ടതിനെ തുടർന്നു മുഖ്യമന്ത്രിക്കും കൃഷി വകുപ്പിലും എപരാതി നൽകി.

വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ 8.5 ലക്ഷം രൂപയുടെ നഷ്ടക്കണക്കു സഹിതമായിരുന്നു പരാതി. തഹസിൽദാർ അടക്കമുള്ളവർ എത്തി നഷ്ടം തിട്ടപ്പെടുത്തിയത് 11 ലക്ഷം രൂപയുടേതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പിൽ നിന്നു സാബുവിന് എത്തിയത് 5000 രൂപയയുടെ ചെക്ക് ആണ്. തുക സാബു സ്വീകരിക്കുകയും ചെയ്തു. കണമല സെന്റ് തോമസ് പള്ളി വികാരി ഫാ.മാത്യു നിരപ്പേൽ, വെളിച്ചിയാനി സെന്റ് തോമസ് പള്ളി വികാരി ഫാ. ജയിംസ് മുത്തനാട്ട് എന്നിവരുടെ നേതൃത്വത്തിൽ അടുത്തയിടെ കോഴി ഫാം വീണ്ടും പ്രവർത്തന സജ്ജമാക്കി.