ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നില്ലെന്ന് പരാതി; ശരിയല്ലെന്നു വിദ്യാഭ്യാസ വകുപ്പ്

പൊൻകുന്നം ∙ ജില്ലയിൽ എച്ച്എസ്എ ഗണിതശാസ്ത്രത്തിന് (കാറ്റഗറി നമ്പർ 661/2102) നിലവിലുള്ള ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് അലംഭാവം കാട്ടുന്നതായി ആക്ഷേപം.

പിഎസ്‌സിയുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി 2014ൽ തീർന്നതാണ്. കഴിഞ്ഞ ജൂലൈയിലാണ് പുതിയ ലിസ്റ്റ് നിലവിൽ വന്നത്. 8 വർഷത്തെ കാത്തിരിപ്പിനു ശേഷം നിലവിൽ വന്ന ഈ ലിസ്റ്റിൽനിന്നു പരമാവധി നിയമനങ്ങൾ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലയിലെ എച്ച്എസ്എ റാങ്ക്‌ഹോൾഡേഴ്‌സ് ആവശ്യപ്പെട്ടു. 2014ന് ശേഷം ഇതുവരെ 30 ഒഴിവുകൾ വന്നു. അതിൽ 20 ഒഴിവുകളും നേരിട്ടല്ലാതെയാണ് നടത്തിയിട്ടുള്ളത്.

50% ഒഴിവുകൾ നിർബന്ധമായും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം എന്ന സർക്കാർ ഉത്തരവിന് വിരുദ്ധമായാണ് നടപടിയെന്നും 3 മാസത്തെ നിരന്തരമായ ഇടപെടലുകൾക്ക് ശേഷം 4 ഒഴിവുകൾ മാത്രമാണ് ഡിഡി ഓഫിസിൽനിന്നു റിപ്പോർട്ട് ചെയ്തതെന്നും ഇവർ ആരോപിക്കുന്നു.

ഉദ്യോഗാർഥികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഈ വർഷം ഉണ്ടായിട്ടുള്ള ഒഴിവുകളുടെ 50%, അതായത് 4 എണ്ണം പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തതായും ബാക്കിയുള്ളവ സർക്കാർ ചട്ടം അനുസരിച്ച് പ്രമോഷൻ, തസ്തിക മാറ്റം, അന്തർ ജില്ലാ സ്ഥലംമാറ്റം തുടങ്ങിയ രീതിയിൽ നികത്തുമെന്നും മുൻ വർഷങ്ങളിലുണ്ടായിരുന്ന ഒഴിവുകളെല്ലാം നികത്തിയതായും ജില്ലാ വിദ്യാഭ്യാസ അധികൃതർ പറഞ്ഞു.