ഒഴുകിവരുന്നു, വിനോദസഞ്ചാര സാധ്യതകൾ

മുണ്ടക്കയം ∙ പ്രാദേശിക ടൂറിസം സാധ്യതകളുമായി മണിമലയാർ ഒഴുകുകയാണ്; നഗരഹൃദയത്തിൽ. അധികൃതർ മനസ്സുവച്ചാൽ ടൗണിന്റെ മുഖച്ഛായ മാറ്റാൻ കഴിയുന്ന പ്രതീക്ഷകളുമായാണു നദിയൊഴുകുന്നത്. നഗരവികസനത്തിന്റെ ഭാഗമായി ബൈപാസ് വന്നതോടെയാണു മണിമലയാറിന്റെ ഭംഗി പ്രയോജനപ്പെടുത്താമെന്ന ആശയം രൂപപ്പെട്ടത്. കോസ്‌വേ പാലത്തിനു സമീപത്ത് ആരംഭിക്കുന്ന ബൈപാസ് കടന്നുപോകുന്നത് മണിമലയാറിന്റെ തീരം ചേർന്നാണ്. ബൈപാസിനു സമീപം ആറ്റിറമ്പിലൂടെയുള്ള നടപ്പാത സായാഹ്ന സവാരിക്ക് നാട്ടുകാരെ ആകർഷിക്കും.

ഇതിലും ബൃഹത്തായ ടൂറിസം സാധ്യതകളാണ് ചെക്ക്ഡാമിനു സമീപമുള്ളത്. സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിനു പിൻഭാഗം മുതൽ ചെക്ക്ഡാം വരെ 600 മീറ്ററിൽ മണിമലയാർ ഒരേ ജലനിരപ്പിൽ പരന്നൊഴുകുകയാണ്. പൈങ്ങണ തോടുമായി സംഗമിക്കുന്ന സ്ഥലത്ത് അതിവിശാലമായ തടാകം പോലെ പരന്നൊഴുകുന്നതിനാൽ പെഡൽ ബോട്ട് പോലുള്ള സംവിധാനങ്ങൾ ഒരുക്കിയാൽ ഇവിടം വിനോദ സഞ്ചാരികളെ ആകർഷിക്കും. ബൈപാസ് റോഡിൽ നിന്നു പൈങ്ങണ തോടിനു സമീപമുള്ള സ്ഥലം ഏറ്റെടുത്തു പഞ്ചായത്തിനു നടപ്പാക്കാവുന്ന ടൂറിസം സാധ്യതകളാണു നിലവിലുള്ളത്.

ആഴമേറെയുള്ള ഇവിടെ വേനലിലും വെള്ളം വറ്റാറില്ല. ബൈപ്പാസ് പൂർത്തിയാകുന്നതോടെ ഒട്ടേറെ ആളുകൾ ഇൗ വഴി ഉപയോഗിച്ചു തുടങ്ങും. നിർമാണം നടക്കുന്നതിനിടെയും മണിമലയാറിനു സമീപം നടപ്പാതകളിൽ ആളുകൾ സായാഹ്നം ചെലവഴിക്കാൻ എത്താറുണ്ട്. സാധ്യതകൾ പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിൽ നടപ്പാക്കാവുന്ന വിനോദസഞ്ചാര പദ്ധതി ആവിഷ്കരിക്കാൻ പഞ്ചായത്ത് തയാറാവുമെന്നാണു ജനങ്ങളുടെ പ്രതീക്ഷ.