ഓടകൾ അടഞ്ഞു; വശങ്ങൾ കാടുകയറി


പൊൻകുന്നം : മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡിലെ ഓടകളിലേറെയും അടഞ്ഞു. റോഡ് വശങ്ങൾ കാടുകയറിയതിനൊപ്പം ഓടകളിൽ‍ മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്.ഓട നിറഞ്ഞ് വെള്ളം റോഡിലൂടെ ഒഴുകുന്ന കുരുവിക്കൂട് ഞുണ്ടൻമാക്കൽ വളവിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. രാത്രികാലങ്ങളിൽ ഇതുവഴി ഏറെ കരുതലോടെ സഞ്ചരിക്കേണ്ട സ്ഥിതിയിലാണ് കാൽനടക്കാർ. 

കാടുകയറിയ റോഡ് വശങ്ങളിൽ ഇഴജന്തുക്കളുടെ ശല്യം ഏറെയാണ്.വഴിനീളെ സോളർ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും തെളിയാത്തതുമൂലം കൈയിൽ വെളിച്ചവും കരുതേണ്ട ഗതികേടിലാണ് . വഴിവിളക്കുകളിൽ ഏറെയും തെളിയുന്നില്ല. സ്ഥാപിച്ചപ്പോൾ തന്നെ മിഴിയടഞ്ഞവയും ഇക്കൂട്ടത്തിലുണ്ട്. അമിത വേഗത്തിൽ വരുന്ന വാഹനങ്ങളിൽ നിന്ന് രക്ഷതേടി വശങ്ങളിലേക്ക് മാറിനിൽക്കാൻ പോലും സ്ഥലമില്ലെന്നാണു നാട്ടുകാരുടെ പരാതി. 

പലയിടങ്ങളിലും കാടു കയറി മൂടിയിരിക്കുകയാണ്.അധികൃതരെ പലതവണ ഇക്കാര്യം അറിയിച്ചിട്ടും  ഫലമില്ല. കെഎസ്ടിപി, പൊതുമരാമത്തു വകുപ്പ് അധികൃതർക്ക് നേരിട്ട് നിവേദനം നൽകാനാണ് നാട്ടുകാരുടെ തീരുമാനം. എലിക്കുളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാടിന്റെ നേതൃത്വത്തിൽ സമര പരിപാടികളും ആലോചിക്കുന്നു