ഓട്ടത്തിനിടയിൽ തുറക്കുന്ന വാതിൽ; നന്നാക്കാൻ മെനക്കെടാതെ ബസുകൾ

പൊൻകുന്നം ∙ ഓട്ടത്തിനിടയിൽ ഇടയ്ക്കിടെ തുറന്നുപോകുന്ന വായു നിയന്ത്രിത വാതിലുമായി (എയർ ഡോർ) സ്വകാര്യ ബസുകൾ പറക്കുന്നു. വാഹന പരിശോധന കാര്യമായി നടക്കാത്തതു കാരണം സ്വകാര്യ ബസുകളിലെ സുരക്ഷിതത്വം യാത്രക്കാരുടെ തന്നെ ചുമതലയിലായി. ചങ്ങനാശേരി–മുണ്ടക്കയം റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ എയർ ഡോർ ഒരുമാസമായി ഇത്തരത്തിൽ തുറന്നു പോകുന്നുണ്ടെന്നു യാത്രക്കാർ പറയുന്നു.

വളവുകൾ വീശിയെടുക്കുമ്പോൾ ഇത്തരത്തിൽ ഡ്രൈവർ അറിയാതെ തുറന്നുപോകുന്ന വാതിൽ നന്നാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിട്ടും ബസുടമകൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. മേഖലയിലെ ഒട്ടുമിക്ക സ്വകാര്യ ബസുകളിലും ഇത്തരം വാതിലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. രണ്ടു രീതിയിൽ ഇതിന്റെ പ്രവർത്തനം ക്രമീകരിക്കാം. ഡ്രൈവർക്ക് സ്വിച്ചിലൂടെ നിയന്ത്രിക്കാവുന്നതും യാത്രക്കാർക്കും കണ്ടക്ടർക്കും തുറക്കാവുന്നതുമാണ് ഇവ. മിക്ക ബസുകളിലും ജീവനക്കാരെ ലാഭിക്കാൻ ഡ്രൈവർ നിയന്ത്രിക്കുന്ന വാതിലുകളാണ് ഉള്ളത്.