ഓട്ടമില്ലാതെ ഓട്ടോറിക്ഷക്കാർ വലയുന്നു.


കാഞ്ഞിരപ്പള്ളി : ഓട്ടമില്ലാതെ ഓട്ടോറിക്ഷക്കാർ വലയുന്നു. രാവിലെ മുതൽ കാത്തുകിടന്നിട്ടും ഓട്ടം കുറവെന്നാണ് കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവർമാർ പറയുന്നത് . രണ്ട് ദിവസമായി നിരത്തിലുണ്ടെങ്കിലും കാര്യമായ തുക കൈയിൽ കിട്ടുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ മുഴുവൻ നഗരത്തിലെ പ്രധാന ഓട്ടോ സ്റ്റാൻഡിൽ കിടന്നിട്ട് 150-200 രൂപയാണ് കിട്ടിയതെന്ന് െെഡ്രവർമാർ പറയുന്നു.
രാവിലെ വന്നിട്ട് ആദ്യ ഓട്ടം കിട്ടിയത് ഉച്ചയോടെ മാത്രമെന്നും പറയുന്നു. ഇത് ഓട്ടോറിക്ഷത്തൊഴിലാളികളുടെ പൊതു അവസ്ഥ. പല സ്റ്റാൻഡുകളിലും ഓട്ടോറിക്ഷകളുടെ നീണ്ട നിരയുണ്ട്. എന്നാൽ ബസ് സർവീസുകൾ അടക്കം സജീവമായാലേ ഓട്ടം ലഭിക്കൂവെന്നും ഇവർ പറയുന്നു.


രണ്ടു മാസങ്ങൾക്ക് ശേഷമാണ് ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയത്. ഇളവ് ലഭിച്ച ദിനം രാവിലെ വണ്ടിയുമായി ഡ്രൈവർമാർ സ്റ്റാൻഡുകളിലെത്തി. എന്നാൽ യാത്രക്കാർ നന്നേ കുറവായിരുന്നു.
ബസ് സർവീസ് കൂടുതൽ ആരംഭിക്കുന്നതോടെ കൂടുതൽ ഓട്ടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഓട്ടോ ഡ്രൈവർമാർ.
ഡ്രൈവർക്ക് പുറമേ ഒരു യാത്രക്കാരന് മാത്രമേ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ അനുമതിയുള്ളൂവെന്നത് തങ്ങളെ കൂടുതൽ വലയ്കുന്നെന്ന് ഓട്ടോഡ്രൈവർമാർ പറയുന്നു.
‘‘അതിൽ കൂടുതൽ ആളുകളെ കയറ്റിയാൽ ഫൈൻ അടയ്ക്കണമെന്നാണ്. കുടുംബമാണെങ്കിൽ മാത്രമാണ് ഇളവ് ലഭിക്കും. ഈ നിബന്ധനകൾ മൂലം പലരും ഓട്ടോയിൽ കയറാൻ മടിക്കുന്നു.’’

ലോക് ഡൗണിനെ തുടർന്ന് പല ഓട്ടോറിക്ഷകളുടെയും ടെസ്റ്റ് ഉൾപ്പെടെയുള്ളവ മുടങ്ങി. ടെസ്റ്റ് പൂർത്തിയാക്കാൻ ജൂൺ 30 വരെ സമയം നൽകിയിട്ടുണ്ടെങ്കിലും അതിനുള്ള പണമിെല്ലന്ന ആശങ്കയാണ് പലരും പങ്കുവെയ്ക്കുന്നത്. ഈ സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്നും ആവശ്യമുയരുന്നുണ്ട്. ലോക് ഡൗൺ കാലത്ത് കടം വാങ്ങിയവരാണ് ഏറെയും. ഓടാതെ കിടന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും കടം വാങ്ങേണ്ടിവന്നു. ടാക്‌സിയോടിച്ച് കടം വീട്ടാനോ കുടുംബം പുലർത്താനോ കഴിയില്ലെന്ന ആശങ്കയാണ് ഇവർ പങ്കുവെയ്ക്കുന്നത്.