ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 4 പേർക്കു പരുക്ക്

കാഞ്ഞിരപ്പള്ളി ∙ 26–ാം മൈൽ അൽഫീൻ പബ്ലിക് സ്കൂളിനു സമീപം ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേർക്കു പരുക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ മുണ്ടക്കയം കൊല്ലപറമ്പിൽ സുരേഷ്കുമാർ (42), ഭാര്യ രമ്യ സുരേഷ് (32), പിക്കപ്പ് വാൻ ഡ്രൈവർ പരുമല പീടിയേക്കൽ കിഴക്കേതിൽ മുഹമ്മദ് ഹുസൈൻ (32), മാന്നാർ ആലുംമൂട്ടിൽ മുഹമ്മദ് അനീഷ് ഖാൻ (31) എന്നിവർക്കാണ് പരുക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് 12.30ന് പൊൻകുന്നത്തുനിന്നു മുണ്ടക്കയത്തേക്കു പോവുകയായിരുന്ന ഓട്ടോറിക്ഷയും മുണ്ടക്കയത്തുനിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.