ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അഞ്ചു പേർക്കു ഗുരുതര പരുക്ക്

പൊൻകുന്നം ∙ പാലാ ഹൈവേയിൽ ഒന്നാം മൈലിൽ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അഞ്ചു പേർക്കു ഗുരുതര പരുക്ക്. പരുക്കേറ്റ സ്കൂട്ടർ യാത്രികൻ ഇളങ്ങുളം രണ്ടാം മൈൽ ചെരിയംപ്ലാക്കൽ സി.ഡി.അരുണിനെ (കണ്ണൻ– 24) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും ഓട്ടോറിക്ഷ യാത്രികരായ ചെങ്ങളം കുറുന്തോട്ടത്ത് രാകേഷ് ശിവൻ (36), പാത്തിക്കൽ മിനി, സന്ധ്യ, ഹരികൃഷ്‌ണൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചെങ്ങളത്തുനിന്നു കാഞ്ഞിരപ്പള്ളിക്കു വരികയായിരുന്ന ഓട്ടോറിക്ഷയും എതിർദിശയിൽ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായി തകർന്നു. റോഡിൽ തലകീഴായി മറിഞ്ഞ ഓട്ടോയാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.