ഓട്ടോ ഇടിച്ചു മരണം ഡ്രൈവറെ തിരയുന്നു

കാഞ്ഞിരപ്പള്ളി ∙ ഹർത്താൽ ദിനത്തിൽ ഓട്ടോറിക്ഷ ഇടിച്ചു 75 വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ഒളിവിൽ. ഓട്ടോ ഡ്രൈവർ കൂവപ്പള്ളി മുളയ്ക്കൽ ജോർജുകുട്ടിയെ (മോനച്ചൻ–52) ആണ് പൊലീസ് തിരയുന്നത്. കൂവപ്പള്ളി നാലാം മൈൽ പൈനാനിയിൽ ചെല്ലപ്പൻ പിള്ള (75) ആണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ കാഞ്ഞിരപ്പള്ളി–എരുമേലി റോഡിൽ നെടുമലയ്ക്ക് സമീപം ഓട്ടോറിക്ഷ ഇടിച്ചു മരിച്ചത്.

ഇടിച്ച ശേഷം ഓട്ടോ നിർത്താതെ പോയതിനാൽ ചെല്ലപ്പൻപിള്ള വഴിയരികിൽ ഒരു മണിക്കൂറോളം കിടന്ന് രക്തം വാർന്നാണ് മരിച്ചത്. നിർത്താതെ പോയ ഓട്ടോറിക്ഷ പിന്നീട് പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഇന്ത്യൻ ശിക്ഷാ നിയമം 304(എ), മനുഷ്യജീവന് അപായം ഉണ്ടാക്കത്തക്ക വിധത്തിൽ പൊതുവഴിയിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനു എെപിസി 279, അപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നതിനും വിവരം പൊലീസിൽ അറിയിക്കാതിരുന്നതിനും മോട്ടർ വാഹന വകുപ്പിലെ സെക്‌ഷൻ 134(എ)(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് മോനച്ചനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

നാലാം മൈലിലുള്ള മകന്റെ വീട്ടിൽ നിന്നു വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഒരു കിലോമീറ്റർ അകലെ കൂവപ്പള്ളി നരകംപടിയിലുള്ള സ്വന്തം വീട്ടിലേക്കു നടന്നു പോകവേയാണ് ചെല്ലപ്പൻപിള്ളയെ ഓട്ടോ ഇടിച്ചു വീഴ്ത്തിയത്. മോനച്ചന്റെ വീട്ടിൽ നിന്നു കെഎൽ 34 ഇ 7907 നമ്പറിലുള്ള ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളെ പിടികൂടാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കൂവപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.