ഓണത്തിന് ‘ഒരുമുറം പച്ചക്കറി’ പദ്ധതിയുമായി കൃഷിവകുപ്പ്

കാഞ്ഞിരപ്പള്ളി∙ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്കുള്ള വിത്തുകൾ വിതരണത്തിനായി ബ്ലോക്കിൽ എത്തി തുടങ്ങി. എന്നാൽ വിത്തുവിതരണം വൈകുന്നുവെന്ന ആക്ഷേപവുമുണ്ട്. 31000 വിത്തുകൾ എത്തേണ്ട ബ്ലോക്കിൽ വെള്ളിയാഴ്ച എത്തിയത് 5000 വിത്തുകളാണ്. ബാക്കി ഇന്നെത്തുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഓണത്തിന് എല്ലാ വീടുകളിലും വിഷ രഹിത പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ 31000 പായ്ക്കറ്റ് വിത്തുകളും 20000 പച്ചക്കറി തൈകളുമാണ് വിതരണം ചെയ്യുന്നത്. വെണ്ട, മുളക്, പയർ, വഴുതന, ചീര എന്നിവയുടെ വിത്തുകളാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി 5000 പായ്ക്കറ്റ് വിത്തുകളാണ് വെള്ളിയാഴ്ച എത്തിയത്.

ബ്ലോക്കിലെ കൃഷിഭവനുകൾ വഴി 15000 പായ്ക്കറ്റ് വിത്തുകളും വിവിധ സ്കൂളുകൾ വഴി 14000 പായ്ക്കറ്റ് വിത്തുകളും വിവിധ സംഘടനകൾ, കർഷക കൂട്ടായ്മകൾ എന്നിവ വഴി 2000 വിത്തുകളും വിതരണം ചെയ്യാനാണ് പദ്ധതി. ഇവ കൂടാതെ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാറത്തോട്, മണിമല കൃഷിഭവനുകൾ വഴി 25 ഗ്രോബാഗ് വീതമുള്ള നൂറു യൂണിറ്റ് പച്ചക്കറി തൈകളും വിതരണം ചെയ്യും. വെജിറ്റബിൾ ഫ്രൂട്ട് പ്രമോഷൻ കൗൺസിലാണ് തൈകൾ കൃഷി വകുപ്പിന് എത്തിച്ചു കൊടുക്കുന്നത്.

ഓണത്തിന് ഒന്നരമാസം മാത്രം ബാക്കിനിൽക്കേ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ വിത്തുകളും തൈകളും എത്രയും വേഗം വിതരണം ചെയ്ത് കർഷകരിലെത്തിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ഇവ കർഷകരുടെ കൈകളിലെത്തിയ ശേഷം കാലാവസ്ഥയും മറ്റും അനുകൂലമായി ഒന്നര മാസത്തിനുള്ളിൽ പച്ചക്കറി വിത്തു മുളപ്പിച്ച് വളർത്തി വിളയിച്ചെടുക്കുക ശ്രമകരമാകുമെന്നാണ് കർഷകർ പറയുന്നത്.

ചീര മാത്രമായിരിക്കും പൂർണ വളർച്ചയെത്തി മികച്ച വിളവെടുപ്പിന് പാകുമാകൂ എന്നും കർഷകർ പറയുന്നു. ഇന്നും നാളെയുമായി മുഴുവൻ വിത്തുകളും തൈകളും വിതരണത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് കൃഷി വകുപ്പ് അധികൃതർ. ഉടൻ വിതരണം ചെയ്ത് വീടുകളിൽ എത്തിച്ചാൽ മാത്രമേ ഓണത്തിന് പച്ചക്കറി മുറത്തിലെത്തൂ എന്നും കർഷകർ പറയുന്നു.