ഓണത്തുമ്പികളായി അവര്‍ ഉല്ലസിച്ചു

കൂട്ടിക്കല്‍: കോടിയുടുത്ത് ഓണപ്പൂക്കളമിട്ട്…അവര്‍ ആമോദത്തോടെ ഒത്തുചേര്‍ന്നു.

വൈകല്യങ്ങള്‍ മറന്ന് അവര്‍ ആര്‍ത്തുല്ലസിച്ചു പൂത്തുമ്പികളെപ്പോലെ. കള്ളപ്പറയും ചെറുനാഴിയും എന്തെന്നറിയാത്ത കുരുന്നുകളുടെ ആഘോഷങ്ങള്‍ കണ്ടുനിന്ന അച്ഛനമ്മമാരും ആഹ്ലാദിച്ചു.

ഫാ: ബേഡ്‌വിക് ഡേ കെയര്‍ സെന്ററിലെ ശാരീരിക മാനസിക വൈകല്യങ്ങളുള്ള കുരുന്നുകളുടെ ഓണാഘോഷമായിരുന്നു വേദി.

അപ്പോസ്തലേ രാജ്ഞി പ്രേഷിതസഭാ സിസ്റ്റേഴ്‌സ് നടത്തുന്ന കവാലിപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്ററില്‍ 20 കുട്ടികളാണ് ഉള്ളത്.

സാധാരണ കുടുംബത്തില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഫിസിയോതെറാപ്പിയും സ്​പീച്ച് തെറാപ്പിയും സൗജന്യമായാണ് പരിശീലിപ്പിക്കുന്നത്.

പാലാ രൂപതയുടെ കീഴിലുള്ള ഈ ഡേ കെയര്‍ സെന്റര്‍ ഒരു വര്‍ഷം മുന്‍പാണ് പ്രവര്‍ത്തനം തുടങ്ങിയത്.