കടകളിലും പെട്രോള്‍ പമ്പിലും മോഷണം

മണിമല:മണിമലയില്‍ മൂന്നുകടകളിലും പെട്രോള്‍ പമ്പിലും താഴ് തകര്‍ത്ത് മോഷണം. പെട്രോള്‍ പമ്പില്‍ നിന്ന് 20,000 രൂപയും ബസ്സ്റ്റാന്‍ഡിനു സമീപമുള്ള മത്സ്യ ഇറച്ചി വ്യാപാര സ്ഥാപന ഉടമ അപ്പച്ചന്‍ കുട്ടിയുടെ കടയില്‍ നിന്ന് പതിനായിരത്തിലധികം രൂപയും മണിമല ഫൊറോന പള്ളിപ്പടിക്കുസമീപമുള്ള ആലുങ്കല്‍ ജോസിന്റെ കടയില്‍ നിന്ന് നാലായിരം രൂപയും നഷ്ടപ്പെട്ടു. രണ്ട് മാസക്കാലമായി അടച്ചിട്ടിരുന്ന മണിമല ഫൊറോന പള്ളിപ്പടിയിലെ പറയാങ്കല്‍ ജോസിന്റെ കടയും കുത്തിത്തുറന്നു. മണിമല പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരാഴ്ച മുന്‍പ് മണിമല ടൗണിനു സമീപമുള്ള വീടിന്റെ വാതില്‍ തകര്‍ത്ത് 15 പവനും 15,000 രൂപയും മോഷ്ടിച്ചിരുന്നു. തിങ്കളാഴ്ച രാത്രി മണിമല ടൗണില്‍ മോഷണത്തിനെത്തിയ സംഘം മണിമല കവലയ്ക്കു സമീപമുള്ള പല വീടുകളില്‍ മോഷണശ്രമവും നടത്തിയിട്ടുണ്ട്. വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ വീടുകളിലെ മോഷണം നടന്നിട്ടില്ല. നാളുകളായി മണിമലയിലും പരിസരപ്രദേശങ്ങളിലും മോഷണങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ നാളിതുവരെയും ആരേയും പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.