കടുത്ത ചൂടിൽ ഉരുകുന്ന കേരളം; കോട്ടയത്ത് ശരാശരിയെക്കാൾ 3 ഡിഗ്രി അധികം
കേരളത്തിൽ മഞ്ഞുകാലം തീരുന്നതിനു മുൻപ് തുടങ്ങിയ കടുത്ത ചൂട് തുടരുന്നു. ജനുവരിയിൽ കൂടിത്തുടങ്ങിയ ചൂട് കുറയുന്ന ലക്ഷണമില്ല. ഇന്നലെ കോട്ടയത്ത് 37.2 ഡിഗ്രി വരെ ചൂട് ഉയർന്നു. ആലപ്പുഴ, പുനലൂർ എന്നിവിടങ്ങളിൽ ചൂട് 36 ഡിഗ്രിക്കു മുകളിലെത്തി. കോട്ടയത്തും ആലപ്പുഴയിലും ശരാശരിയെക്കാൾ 3 ഡിഗ്രി അധികമാണ് അനുഭവപ്പെടുന്ന ചൂട്.

സംസ്ഥാനത്തു പകൽ താപനില കാര്യമായി ഉയരുന്ന സാഹചര്യത്തിൽ, വെയിലത്തു ജോലി ചെയ്യുന്നവരുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ 30 വരെ ഉച്ചയ്ക്കു 12 മുതൽ 3 വരെ വിശ്രമം നൽകണം. ഇവരുടെ ജോലി സമയം രാവിലെ 7 നും വൈകിട്ട് 7 നും ഇടയ്ക്ക് 8 മണിക്കൂറായി നിജപ്പെടുത്തി.

സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണു സമയ പുനഃക്രമീകരണം. ഷിഫ്റ്റ് പ്രകാരം ജോലി ചെയ്യുന്നവരിൽ രാവിലത്തെ ജോലി ഉച്ചയ്ക്കു 12 ന് അവസാനിപ്പിക്കാനും ഉച്ചയ്ക്കു ശേഷമുള്ളത് 3 ന് ആരംഭിക്കാനും നിർദേശിച്ചു.

സമുദ്രനിരപ്പിൽ നിന്നു 3,000 അടിയിൽ കൂടുതൽ ഉയരെ സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കി. പ്രാദേശികമായി അടിയന്തര സാഹചര്യം കണക്കിലെടുത്തു തീയതികളിൽ മാറ്റം ആവശ്യമാണെങ്കിൽ അതതു റീജനൽ ജോയിന്റ് ലേബർ കമ്മിഷണർമാർ ലേബർ കമ്മിഷണർക്കു റിപ്പോർട്ടു നൽകണം.

കുംഭം എത്തിയില്ല. അതിനു മുൻപേ ഉരുകുകയാണ് മലയോരങ്ങൾ. വരൾച്ചയിൽ ജലപദ്ധതികളും ജനങ്ങൾക്ക് ആശ്വാസമാകുന്നില്ല. വെള്ളം വില കൊടുത്തു വാങ്ങുകയാണ് ഉയർന്നിടങ്ങളിൽ താമസിക്കുന്നവർ. കടുത്ത ചൂടിൽ ജലാശയങ്ങളിലെ വെള്ളം വലിയുന്നു. കിണറുകളിലെ വെള്ളത്തിന്റെ തോതും ദിവസമെന്നോണം കുറയുകയാണ്. കല്ലാറും കക്കാട്ടാറും പമ്പാനദിയും വരൾച്ചയുടെ പിടിയിലാണ്.